logo
AD
AD

കവിതയുടെ കാർണിവലിന് ഇന്ന് കൊടിയിറങ്ങും

നിളയോരത്ത് യുവകവിതയുടെ കാഹളമുയർത്തിയ 'കവിതയുടെ കാർണിവലി'ന് ഞായറാഴ്ച കൊടിയിറങ്ങും. മൂന്നാംദിനമായ ശനിയാഴ്ച പ്രമുഖ കവികളുടെ കവിതാവതരണങ്ങൾ, സാഹിത്യസംവാദങ്ങൾ, സ്മൃതിസദസ്സുകൾ തുടങ്ങിയവ നടന്നു. രാവിലെ പ്രമുഖ തമിഴ് കവിയും വിവർത്തകനുമായ സുകുമാരന് ആദരം നൽകി. കവികളായ പി. രാമനും അൻവർ അലിയും അദ്ദേഹം എഴുതിയ കവിതകൾ അവതരിപ്പിച്ചു.

മലയാളവും തമിഴും തമ്മിലുള്ള പാലമാണ് സുകുമാരനെന്നും, ഉള്ളിൽ നിന്ന് ഉമിത്തീപോലെ കത്തിപ്പിടിക്കുന്നതാണ് സുകുമാരന്റെ കവിതകളെന്നും പി. രാമൻ പറഞ്ഞു. കവയിത്രി വി.എം. ഗിരിജ, സുകുമാരനെ പൊന്നാടയണിയിച്ചു. 'ഞാൻ രണ്ടു ഭാഷകളുടെ ശിശുവാണെന്നും എനിക്കുകിട്ടുന്ന ആദരവ് എന്റെ ഭാഷയ്ക്കുള്ളതാണെന്നും സുകുമാരൻ പറഞ്ഞു. തുടർന്ന്, അസമീസ് കവി ജിബൊൺ നാരയുടെ കവിതാവതരണം നടന്നു. അൻവർ അലി മോഡറേറ്ററായി. തുടർന്ന് തമിഴ് കവി കല്യാൺജി കവിതകൾ അവതരിപ്പിച്ചു.

കവി പി. രാമൻ മോഡറേറ്ററായി. വണ്ണദാസൻ എന്ന തൂലികാനാമത്തിൽ ചെറുകഥകളും കല്യാൺജി എന്ന തൂലികാനാമത്തിൽ കവിതകളും എഴുതുന്ന തമിഴ് എഴുത്തുകാരനാണ് കല്യാണസുന്ദരം. മീറ്റ് ദ പോയറ്റ് പരിപാടിയിൽ അയർലണ്ടിൽ നിന്നുള്ള കവയിത്രി ആൻമറി നി ഹൊറാനുമായി കവി ഡോ. ശ്യാംസുധാകർ സംഭാഷണം നടത്തി. വൈകീട്ട് ലക്ഷദ്വീപിലെ കെഹർവ മ്യൂസിക് ബാൻഡിന്റെ ദ്വീപുമാല ഗാനാവതരണം, പട്ടാമ്പി കോളേജ് തിയേറ്റർ ക്ലബ്ബിന്റെ 'ജാത്ര' നാടകം എന്നിവയുണ്ടായി.

Latest News

latest News