Entertainment LATEST

‘ദുൽഖറിസ’ത്തിന്റെ എട്ടു വർഷങ്ങൾ; ആഘോഷമാക്കി കുറുപ്പ് ടീം

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തിയിട്ട് എട്ടു വര്‍ഷമാകുന്നു. ദുല്‍ഖര്‍ നായകനായ ആദ്യ ചിത്രം സെക്കന്റ് ഷോ റിലീസായത് 2012ലാണ്. എട്ടു വര്‍ഷത്തിനു ശേഷം സെക്കന്റ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്റെ പുതിയ ചിത്രം കുറുപ്പില്‍ ദുല്‍ഖര്‍ നായകനാവുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് ദുല്‍ഖര്‍ സിനിമയില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ നടന്നു. ആഘോഷത്തെക്കുറിച്ച് ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരഭി ലക്ഷ്മി ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് ലൈവും പോസ്റ്റ് ചെയ്തിരുന്നു.

‘8 years of Dulquerism!
അദ്ദേഹത്തിന്റെ എട്ടാമത്തെ വര്‍ഷം.. ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥിന്റെ പുതിയ സിനിമയും, DQ പ്രൊഡക്ഷന്റെ സംരംഭവുമായ കുറുപ്പ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഞങ്ങള്‍ ആഘോഷിച്ചു. കുറുപ്പില്‍ എനിക്കും അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഒരുപാട് കാലം സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറും ഒക്കെ ആയി അദ്ദേഹത്തിന് സിനിമയുടെ എല്ലാ മേഖലയിലും ശോഭിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.’ 

സിനിമയില്‍ എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയതില്‍ ദുല്‍ഖറും വികാരഭരിതമായ ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.  ഇത്രയും കാലം നടനെന്ന നിലയിലും വ്യക്തി എന്ന നിലയിലും താന്‍ സുരക്ഷിതനായി നടക്കുകയായിരുന്നുവെന്നും ഇനിയങ്ങോട്ടു വ്യത്യസ്ത കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ധൈര്യം തനിക്കു കൈവന്നുവെന്നും നടന്‍ പറയുന്നു. സിനിമയ്ക്കു നല്‍കിയിട്ടുള്ളതെന്തോ അതാണ് സിനിമ തിരിച്ചും നമുക്ക് തരുന്നത് എന്നും പോസ്റ്റില്‍ ദുല്‍ഖര്‍ പറയുന്നു. എട്ടു വര്‍ഷത്തെ അഭിനയാനുഭവം തന്നെ കൂടുതല്‍ ശക്തനും ആത്മവിശ്വാസമുള്ളവനുമാക്കിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. കാലചക്രം ഒരു ആവൃത്തി സഞ്ചരിച്ചുവെന്നും കുറിപ്പിലൂടെ താന്‍ ശ്രീനാഥ് രാജേന്ദ്രനും ടീമുമായി വീണ്ടും ഒന്നിക്കുകയാണ് എന്നും ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നു.