FOOD & TRAVEL LATEST OPINION

വേനൽച്ചൂട് കനക്കുന്നു: ഇറച്ചിക്കോഴി വിപണിയിൽ തകർച്ച

പാലക്കാട്: വേനൽച്ചൂട് ഇറച്ചിക്കോഴി വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. ചില്ലറ വിൽപനയിൽ ഒരു കിലോ ഇറച്ചിക്കോഴിയുടെ വില 70 മുതൽ 75 രൂപവരെ. ഒരാഴ്ച മുൻപ് 90 രൂപയായിരുന്നു. ഇനിയും നഷ്ടം സഹിച്ചു പിടിച്ചു നിൽക്കാൻ കഴിയുന്നില്ലെന്നു വ്യാപാരികൾ. വളർത്തു ചെലവുപേ‍ാലും കിട്ടുന്നില്ലെന്നു കോഴി കർഷകരും. 

തമിഴ്നാട്ടിൽ നിന്നാണു കേരളത്തിലേക്കു മുഖ്യമായും ഇറച്ചിക്കോഴി എത്തുന്നത്. അവിടെ കഴിഞ്ഞ ദിവസം മാർക്കറ്റ് വില കിലോയ്ക്ക് 50–52 രൂപയാണ്. ഇവിടെ മൊത്ത വിപണിയിൽ 60–65 രൂപ വില വന്നപ്പേ‍ാൾ ചില്ലറ വിപണിയിൽ 70–75 രൂപയായി. കടത്ത് ചെലവ് അടക്കം നോക്കുമ്പോൾ വിൽപന നഷ്ടമെന്നു വ്യാപാരികൾ പറഞ്ഞു. ഇതേ സമയം ഒരു കിലോ കോഴിയിറച്ചിയുടെ വില 180ൽ നിന്നു 130ലുമെത്തി.

തമിഴ്നാട്ടിൽ നിന്ന് ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നു വളർത്തി വിൽക്കുന്നതും നഷ്ടമാണെന്നു ഫാമുകാർ. അവിടെ നിന്നു ശരാശരി 35–40 രൂപയ്ക്കാണു കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നത്. ഇവിടെ ആഴ്ചകളോളം തീറ്റ നൽകി വളർത്തി വിൽക്കുമ്പോഴേക്കും ഒരു കോഴിക്കു ശരാശരി 80രൂപ ചെലവു വരും. വിപണി വിലക്കു വിൽക്കുമ്പോൾ ഒരു കോഴിയിൽ 30 രൂപവരെ ഫാമുകാർക്കു നഷ്ടം. ഇതോടെ തമിഴ്നാട്ടിൽ നിന്നുള്ള ഇറച്ചിക്കോഴിയുടെയും കുഞ്ഞുങ്ങളുടെയും വരവും കുറയാൻ തുടങ്ങി. 

കൂടാതെ ചൂടു കൂടിയതോടെ കോഴിഫാമുകളിൽ ഇറച്ചിക്കോഴിയുടെ ഉൽപാദനം കുറച്ചു.  ഇറച്ചിക്കോഴി മേഖലയിൽ വില സ്ഥിര ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതിയിൽ കിലോയ്ക്ക് 68 രൂപയാണു വില.  ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയിൽ നിന്നുള്ള ഇറച്ചിക്കോഴിയാണ് ഇവരുടെ ഔട്ട്​ലെറ്റുകളിലൂടെ വിൽക്കുന്നത്. ഒരു കോഴിയിൽ 26 രൂപവരെ നഷ്ടമുണ്ടെന്ന് ഇവരും പറയുന്നു. ജില്ലയിൽ മണ്ണാർക്കാടാണ് ബ്രഹ്മഗിരിയുടെ ഔട്ട്‌ലെറ്റ്.