LATEST OPINION

ആരോഗ്യമേഖല കോറോണ ഭീഷണി നേരിടുമ്പോൾ കുടിവെള്ളത്തിൽ അറവു മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ.

പാലക്കാട്, തൃശ്ശൂർ ജില്ലകളിലേക്കുള്ള കുടിവെള്ള സ്രോതസ്സായ ഭാരതപ്പുഴയിലെ തൃത്താല വെള്ളിയാങ്കല്ല് ജലസംഭരണിയിലാണ് അറവുമാലിന്യം തള്ളിയ നിലയിൽ കണ്ടത്. പട്ടാമ്പി പാലം മുതൽ വെള്ളിയാങ്കല്ല് വരെ ഭാരതപ്പുഴയും ഇരുകരകളും കക്കൂസ മാലിന്യവും, അറവുമാലിന്യവും മദ്യപർ ഉപേക്ഷിക്കുന്ന കുപ്പികളും ഗ്ലാസുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ശക്തമായ നടപടികൾ ആവശ്യമാണെന്ന് നാട്ടുകാരും പുഴയെ ആശ്രയിക്കുന്നവരും പറയാൻ തുടങ്ങി നാളേറെയായെങ്കിലും ഭാരതപ്പുഴ അപകടകരമായ രീതിയിൽ മലിനപ്പെട്ടിരിക്കുകയാണ്.പുഴയിലെ കുറ്റിക്കാടുകൾക്ക് തീ ഇടുന്നതും ഈ മേഖലയിൽ ഭീഷണി ഉയർത്തുന്നുണ്ട്.

ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ നടത്തിയ പഠനത്തിൽ പട്ടാമ്പി മേഖലയിലെ ഭാരതപ്പുഴയിലെ വെള്ളത്തിൽ അമിതമായ തോതിൽ ഇ കോളെയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

വേനൽ കനക്കുന്നതോടെ വെള്ളം കുറയുമ്പോൾ മലിനീകരണത്തിന്റെ തോത് ഇനിയും വർദ്ധിക്കാനിടയുണ്ട്.

കർശനമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കുടിവെള്ള ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്.