LATEST OPINION

രണ്ടാംദിനവും താപനില 41 ഡിഗ്രി സെൽഷ്യസ്

പാലക്കാട് : ജില്ലയിൽ രണ്ടാം ദിനവും താപനില 41 ഡിഗ്രി സെൽഷ്യസിൽ. മുണ്ടൂർ ഐആർടിസിയിലാണ് ഇന്നലെയും 41 ഡിഗ്രി ചൂടു രേഖപ്പെടുത്തിയത്.  മലമ്പുഴയിൽ ചൂട് 38.8 ഡിഗ്രിയായി ഉയർന്നു. അതേസമയം പട്ടാമ്പിയിൽ ചൂട് 37.8 ഡിഗ്രിയായി കുറഞ്ഞു. 

അടുക്കളയിൽ അതീവ ശ്രദ്ധ

താപനില ഉയർന്നുനിൽക്കുന്നതിനാൽ വീട്ടിനുള്ളിലും കരുതൽ അനിവാര്യം. ഇല്ലെങ്കിൽ താപാഘാതത്തിനു സാധ്യത ഏറെ. പ്രത്യേകിച്ച് അടുക്കളയിൽ. ചൂടിൽ പെട്ടെന്നു തളർന്നുപോകുന്ന അവസ്ഥയാണു താപാഘാതം. കനത്ത ചൂടിൽ വീട്ടിനുള്ളിലും അതിന്റെ പ്രതിഫലനം ഉണ്ടാകും. ഭക്ഷണം പാചകം ചെയ്യുന്നതിനാൽ അടുക്കളയിലായിരിക്കും താരതമ്യേന ഉയർന്ന ചൂട്. ഈ ചൂടു താങ്ങാനാകാതെ കുഴഞ്ഞുവീണുള്ള അത്യാഹിതങ്ങൾക്കുള്ള സാധ്യത ഉണ്ട്. രോഗികൾ, മുതിർന്നവർ, ഗർഭിണികൾ, കുഞ്ഞുങ്ങൾ ഉൾപ്പെടെ പ്രത്യേകം ശ്രദ്ധിക്കണം.

  • വീട്ടിനുള്ളിൽ വായു സഞ്ചാരം ഉറപ്പാക്കുകയാണു പ്രാഥമികമായി ചെയ്യേണ്ടത്. പ്രത്യേകിച്ച് പകൽ 12 മുതൽ വൈകിട്ട് 4 വരെ അടുക്കളയുടെ ജനൽപാളികൾ തുറന്നുവയ്ക്കണം.
  • ഇതര മുറികളിലും ചൂടേറുന്ന സമയത്ത് ഒരു ജനൽപാളിയെങ്കിലും തുറന്നിടുന്നതാണ് ആരോഗ്യകരമെന്നു ജില്ലാ പൊലീസ് സർജൻ ഡോ.പി.ബി.ഗുജ്‌റാൾ പറഞ്ഞു.
  • തളർച്ച തോന്നിയാൽ വിശ്രമിക്കുക. ധാരാളം ശുദ്ധജലം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളമോ, നാരങ്ങാവെള്ളമോ കുടിക്കുന്നത് ക്ഷീണമകറ്റും.
  • കൂടുതൽ തളർച്ച തോന്നുണ്ടെങ്കിൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.