Entertainment LATEST

ലോക്ക്ഡൗണ്‍; കളിവണ്ടി നിര്‍മ്മാണവുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

ആനക്കര: ഈ ലോക്ക്ഡൗണ്‍ കാലം അഭിനന്ദിന് വെറുതെ വീട്ടിലിരുന്ന് സമയം കളയാൻ താല്പര്യമില്ല. വീട്ടിൽ ഒതുങ്ങികൂടിയതോടെ വീട്ടിലെ റൂം കളിബസുകളുടെ നിർമ്മാണ ശാലയാക്കിയിരിക്കുകയാണ് ഈ പ്ലസ് വൺ വിദ്യാർഥി. ആനക്കര മേപ്പാടം കരിവാൻവളപ്പിൽ അശോകന്റെയും സവിതയുടെയും മകൻ അഭിനന്ദാണ് ഈ അവധികാലം ബസുകളുടെ മിനിയേച്ചർ നിർമ്മിച്ച് കൗതുകം തീർക്കുന്നത്.

കോവിഡ് 19 രോഗബാധ പ്രതിരോധത്തിന്റെ ഭാഗമായി വീട്ടിലിരുന്ന് മടുത്തതോടെയാണ് ഈ കുട്ടികലാകാരൻ ബസുകളുടെ പകർപ്പുണ്ടാക്കി ആനന്ദം കണ്ടെത്താൻ തുടങ്ങിയത്. കെ.എസ്.ആർ.ടി.സി മുതൽ ടൂറിസ്റ്റ് ബസുകൾ വരെയാണ് അഭിനന്ദിന്റെ കൈവിരലുകളിൽ പിറവിയെടുക്കുന്നത്. ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലുന്ന നിർമ്മാണ മികവാണ് ഓരോ വാഹനങ്ങൾക്കും.

ബസ്സുകളുടെ ബോഡി സീറ്റ്, സ്റ്റീയറിംഗ്, ഗിയർ ലിവർ എന്നിവയ്ക്ക് പുറമെ ഡ്രൈവർമാർ സൂക്ഷിക്കുന്ന കുടിവെള്ള കുപ്പികൾ വരെ അഭിനന്ദ് ബസുകളിൽ ഒരുക്കിയിട്ടുണ്ട്. ഫോം ഷീറ്റും, പാഴ്‍വസ്തുക്കളും ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. ഫാബ്രിക് പെയിന്റു കൊണ്ടാണ് കളിവണ്ടികൾക്ക്  നിറം നല്‍കുന്നത്. എൽ.ഇ.ഡി ബൾബുകൾ കൊണ്ടുള്ള ദീപാലങ്കാരങ്ങളും വാഹനങ്ങളിൽ ഒരുക്കിയിട്ടുണ്ട്.

പത്ത് ദിവസമെടുത്താണ് അഭിനന്ദിന്റെ പണിപ്പുരയിൽ ബസുകളുടെ നിർമ്മാണം പൂർത്തിയാകുന്നത്. നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വണ്ടികളുടെ മാതൃക സ്വന്തമായി ക്യാൻവാസിൽ വരച്ചുണ്ടാക്കിയതിന്നു ശേഷമാണ് നിർമ്മാണം. ബസുകൾക്കു പുറമെ മോഹൽലാലിന്റെ പുലിമുരുകൻ സിനിമയിലെ ‘മയിൽവാഹനം’ ലോറിയും അഭിനന്ദിന്റെ പണിപ്പുരയിൽ  നിർമ്മിച്ച് മനോഹരമാക്കിയിട്ടുണ്ട്. ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്‌സ് വിദ്യാർത്ഥിയാണ് അഭിനന്ദ്.