KERALA LATEST LOCAL

മഅ്ദനിയുടെ നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം ശക്തിപ്പെടുത്തും: പി.ഡി.പി

പടിഞ്ഞാറങ്ങാടി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാനും, രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വർദ്ധിച്ചു അനുദിനം ആരോഗ്യ സ്ഥിതി മോശം ആകുന്ന അദ്ദേഹത്തിന് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനും സര്‍ക്കാരുകള്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് നീതിക്ക് വേണ്ടി പ്രതിഷേധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.

കിഡ്നിയുമായി ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥതകള്‍ രൂക്ഷമാവുകയും ക്രിയാറ്റിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ സര്‍ജറി ഉള്‍പ്പെടെയുള്ള അടിയന്തിര ചികിത്സകള്‍ അനിവാര്യമായിരിക്കുകയാണെന്നാണ് ബാംഗ്ളൂര്‍ ആസ്റ്റര്‍ സി.എം.സി.ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മഅ്ദനിയോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് വിദഗ്ദ ചികിത്സ ലഭ്യമാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആരോഗ്യനിലയില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

നിരവധി രോഗങ്ങള്‍കൊണ്ട് ശാരീരിക പ്രയാസം അനുഭവിക്കുന്ന മഅ്ദനിക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ കേരള, കര്‍ണ്ണാടക സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം. വിചാരണ തടവുകാരനായി ബാംഗ്ളൂരുവില്‍ മഅ്ദനിയെ തടവിലടച്ചിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും കേസ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. അന്വേഷണ സംഘം കെട്ടിച്ചമച്ചുണ്ടാക്കിയ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞാല്‍ കോയമ്പത്തുര്‍ കേസ് പോലെ മഅ്ദനിയുടെ നിരപരാധിത്വം വെളിപ്പെടുമെന്ന് ബോധ്യമുള്ളവര്‍ വിചാരണത്തടവ് നീട്ടി മഅ്ദനിയെ ശാരീരികമായി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.

ജനാധിപത്യ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ തുല്യതയില്ലാത്ത അധ്യായമാണ് മഅ്ദനിയുടെ രണ്ട് പതിറ്റാണ്ട് പിന്നിടുന്ന കരുതല്‍ തടങ്കല്‍. മഅ്ദനിക്ക് നീതി ഉറപ്പാക്കാന്‍ വരും നാളുകളില്‍ ജനാധിപത്യ പ്രതിഷേധങ്ങള്‍ കൊണ്ട് തെരുവുകള്‍ പ്രക്ഷുബ്ധമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മഅ്ദനിയുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പി.ഡി.പി. തൃത്താല മണ്ഡലം കമ്മിറ്റി പടിഞ്ഞാറങ്ങാടിയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ല പ്രസിഡന്റ് മണ്ഡലം പ്രസിഡൻ്റ് ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മൊയ്തീൻ കുട്ടി പൂക്കാത്ത് സ്വാഗതം ആശംസിച്ചു.ജില്ലാ പ്രസിഡൻ്റ് ഷംസുദ്ധീൻ തൃത്താല, സ്റ്റേറ്റ് കൗൺസിൽ അംഗം ആർ.വി.മുസ്തഫ, ഷാഫി കോക്കാട്, സലീം കരിമ്പ, അഷ്റഫ് കോതച്ചിറ, അസ്ലം തൃത്താല, റഫീഖ് എഞ്ചിനീയർറോഡ് സംസാരിച്ചു.