LATEST

6 കോടിയുടെയും, ഒരു കോടിയുടെയും ഭാഗ്യങ്ങൾ ഈ കൈകളിലൂടെ

തൂതയിലെ ലോട്ടറി ചില്ലറ വിൽപനക്കാരൻ സുബാഷ് ചന്ദ്രബോസും (ഇടത്ത്) ഭാഗ്യമിത്ര ഒന്നാം സമ്മാനം ലഭിച്ച സേലം സ്വദേശി ചെല്ലമുത്തുവും

ചെർപ്പുളശ്ശേരി ∙ ഭാഗ്യദേവത സുബാഷ് ചന്ദ്രബോസിന്റെ കൂടെത്തന്നെയുണ്ട്. സമ്മർ ബംപറിൽ 6 കോടി നേടിയ ടിക്കറ്റ് സുബാഷിന്റെ കയ്യിലൂടെയാണു ഭാഗ്യവാനിലെത്തിയത്. ഇപ്പോഴിതാ സംസ്ഥാന സർക്കാരിന്റെ ‘ഭാഗ്യമിത്ര’ ലോട്ടറിയിൽ ഒന്നാം സമ്മാനം ഒരു കോടി സേലം സ്വദേശി ചെല്ലമുത്തുവിന്റെ കയ്യിലെത്തിച്ചതും സുബാഷ് തന്നെ. തൂത ഭഗവതി ക്ഷേത്രത്തിനടുത്തു ചില്ലറ ലോട്ടറി വിൽപനക്കാരനാണു സുബാഷ് ചന്ദ്രബോസ്.

കഴിഞ്ഞ ജൂൺ 26നു സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ഒന്നാം സമ്മാനം ആറു കോടി സുബാഷ് വിറ്റ ടിക്കറ്റിനായിരുന്നു. മലപ്പുറം ജില്ലയിലെ തൂത വാഴേങ്കട എടായ്ക്കൽ കളത്തിൽ വീട്ടിൽ സുബൈറിനെയാണ് (35) അന്നു ഭാഗ്യദേവത തേടിയെത്തിയത്. ‘ഭാഗ്യമിത്ര’ കടാക്ഷിച്ച സേലം സ്വദേശി ചെല്ലമുത്തു (50) കുറച്ചു കാലമായി തൂത ചങ്ങമ്പുഴ വായനശാലയ്ക്കു സമീപം സ്ഥിരതാമസമാണ്.

ഇടയ്ക്കിടെ കൂടുതൽ ലോട്ടറികളെടുക്കുന്ന ചെല്ലമുത്തുവിന് ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. അഞ്ചു പേർക്ക് ഓരോ കോടി രൂപ വീതം നൽകുന്ന ഭാഗ്യമിത്രയുടെ ബിഎഫ്– 508234 ടിക്കറ്റിനാണു  സമ്മാനം. ചെർപ്പുളശ്ശേരി മുരളി ലോട്ടറീസിൽ നിന്നു ചെർപ്പുളശ്ശേരിയിലെ തന്നെ ശാസ്താ ഏജൻസി വാങ്ങിയ ടിക്കറ്റാണു സുബാഷ് ചന്ദ്രബോസ് വിറ്റത്. 5 മാസത്തിനിടെ സംസ്ഥാന ലോട്ടറിയുടെ രണ്ട് ഒന്നാം സമ്മാനം നേടിക്കൊടുത്ത സന്തോഷത്തിലാണു സുബാഷ് ചന്ദ്രബോസ്.