logo
AD
AD

രാജിയുണ്ടാകില്ല? ആവശ്യം അംഗീകരിക്കാതെ എൽ.ഡി.എഫ്; മുകേഷിനു സംരക്ഷണവുമായി സി.പി.എം

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയിൽ മുകേഷ് രാജിവയ്ക്കണമെന്ന സമ്മർദത്തിൽ ഉറച്ച നിലപാടുമായി എൽ.ഡി.എഫ്. രാജി വേണ്ടെന്ന നിലപാടാണ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയത്. സി.പി.ഐയിൽനിന്ന് ഉൾപ്പെടെ സമ്മർദം ശക്തമാകുന്നതിനിടെയാണ് ജയരാജൻ നിലപാട് വ്യക്തമാക്കിയത്. മുൻപ് ആരോപണം നേരിട്ട കോൺഗ്രസ് എം.എൽ.എമാർ രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നായിരുന്നു ജയരാജന്റെ പ്രതികരണം. അതിനിടെ, മുകേഷ് വിഷയം ചർച്ച ചെയ്യാൻ സി.പി.ഐ അടിയന്തര എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്. ഓൺലൈനായാണു യോഗം ചേരുന്നത്. ആർക്കും പ്രത്യേക സംരക്ഷണം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകും. മുൻപ് രണ്ട് എം.എൽ.എമാർക്കെതിരെ പീഡനാരോപണം വന്നിട്ടും രാജിവച്ചില്ല. എല്ലാ എം.എൽഎമാർക്കും ഒരേ നിയമമാണ്. സർക്കാർ തെറ്റ് ചെയ്ത ആരെയും രക്ഷിക്കില്ല. കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജി ആവശ്യപ്പെടുന്നെങ്കിൽ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും ആദ്യം രാജിവയ്ക്കണം. കോടതിയുടെ നടപടികൾ വരട്ടെ. എല്ലാ എം.എൽ.എമാർക്കും ഒരേ നിയമമാണ് വേണ്ടത്. രണ്ട് എം.എൽ.എമാരും രാജിവച്ചാൽ മുകേഷും രാജിവയ്ക്കുമെന്നം ജയരാജൻ വ്യക്തമാക്കി. മുകേഷ് എവിടെയാണെന്ന് അദ്ദേഹത്തോട് ചോദിക്കണം. ഇക്കാര്യത്തിൽ സി.പി.എം ഉന്നതമായ നിലപാട് സ്വീകരിക്കുന്നുണ്ട്. സ്ത്രീ സംരക്ഷണത്തിന് വേറൊരു സർക്കാരും ഇത്ര നടപടികളെടുത്തിട്ടില്ല. മുഖം നോക്കാതെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. സർക്കാരിനെ ആർക്കും കുറ്റം പറയാൻ കഴിയില്ല.

ഇതുപോലൊരു അന്വേഷണസംഘം ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണെന്നും ഒരാളോടും പ്രത്യേക മമതയില്ലെന്നും ഇ.പി ജയരാജൻ ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വം നിലവിലെ സ്ഥിതിയിൽ മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന ധാരണയിലെത്തിയതായാണു വിവരം. പാർട്ടി നേതാക്കൾ മീഡിയവണിനോട് സൂചിപ്പിച്ചതും ഇതേ കാര്യം തന്നെയാണ്. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെയായി ഏതെങ്കിലും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ഒരു എം.എൽ.എ രാജിവച്ചിട്ടില്ല. ഏറ്റവുമൊടുവിൽ കോൺഗ്രസ് നേതാക്കളായ എം. വിൻസെന്റ്, എൽദോസ് കുന്നപ്പിള്ളി എന്നിവർക്കെതിരെ ആരോപണം ഉയർന്നപ്പോഴും ഇവർ രാജിവച്ചിരുന്നില്ല. അതേസമയം, കൊല്ലത്ത് പാർട്ടിൽ വ്യത്യസ്തമായ വികാരമാണുള്ളത്. എൽദോസിന്റെ വിഷയവുമായി മുകേഷിന്റെ കേസ് കൂട്ടിച്ചേർക്കാനാകില്ലെന്ന അഭിപ്രായമാണ് കൊല്ലത്തെ നേതാക്കൾ പലരും പങ്കുവയ്ക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ സംസ്ഥാനത്ത് രൂപപ്പെട്ട പ്രത്യേകമായ സാഹചര്യവും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. മുകേഷ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ മീഡിയവണിനോട് പ്രതികരിച്ചു. പീഡന പരാതി വന്നതു മുതൽ സി.പി.ഐ മുകേഷ് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടതാണെന്ന് ആനി രാജ പറഞ്ഞു. പൊലീസ് കേസെടുത്തതോടെ മുകേഷിനു കാര്യം ബോധ്യപ്പെട്ടുകാണുമെന്നു കരുതുന്നു. ബോധ്യമായില്ലെങ്കിലും സ്ഥാനത്തുനിന്നു മാറണം. സ്വമേധയാ മാറിയില്ലെങ്കിൽ സർക്കാർ ഇടപെട്ടു മാറ്റണമെന്നും അവർ പറഞ്ഞു.

latest News