logo
AD
AD

വിലക്കയറ്റം തടയാന്‍ നടപടിയുമായി കേന്ദ്രം; പഞ്ചസാര കയറ്റുമതി നിരോധിച്ചു

ഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ. ജൂൺ ഒന്ന് മുതൽ പഞ്ചസാര കയറ്റുമതി നിരോധിച്ചു. പഞ്ചസാര ലഭ്യതയും വില സ്ഥിരതയും ഉറപ്പ് വരുത്താനാണ് നടപടി. ഭക്ഷ്യ എണ്ണയുടെ വിലയും നിയന്ത്രിക്കും.

ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാൻ സർക്കാർ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ആറ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യക്ക് ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വർഷം ആരംഭിച്ച്, മെയ് 18 വരെ 75 ലക്ഷം ടൺ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

നിലവിൽ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ് രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വിൽപ്പന വില. വരും മാസങ്ങളിൽ ഇത് 40-43 രൂപയിൽ എത്താനാണ് സാധ്യത. കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യത്തെ പഞ്ചസാര ഉത്പാദനം വർധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി ഏകദേശം 14,456 കോടി രൂപയാണ് സർക്കാർ പഞ്ചസാര മില്ലുകൾക്ക് അനുവദിച്ചത്.  നേരത്തെ വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്‍റെ ഭാഗമായി ഇന്ത്യ ഗോതമ്പു കയറ്റുമതി നിരോധിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. 

Latest News

latest News