logo
AD
AD

വ്യാജനമ്പറില്‍ ഓട്ടം, രൂപമാറ്റം വരുത്തി അഭ്യാസം; 150 വാഹനങ്ങളെ കുടുക്കി എം.വി.ഡി. ഓപ്പറേഷന്‍

വാഹനങ്ങളുടെ നിയമലംഘനം തടയാനായി മോട്ടോര്‍വാഹന വകുപ്പ് ആരംഭിച്ച 'ഓപ്പറേഷന്‍ റേസി'നും 'ഓപ്പറേഷന്‍ ആള്‍ട്ടറേഷ'നും വഴി മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ചെയ്തത് 150 കേസുകള്‍. മത്സരയോട്ടവും വാഹനത്തിന് രൂപമാറ്റം വരുത്തിയുള്ള നിയമലംഘനവും കണ്ടെത്താനാണ് ദിവസങ്ങള്‍ക്കുമുന്‍പ് പരിശോധന ആരംഭിച്ചത്. വ്യാജ നമ്പറുമായി ഓടുന്ന ഒട്ടേറെ വണ്ടികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

മോട്ടോര്‍വാഹന വകുപ്പ് എ.ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ നിര്‍ദേശാനുസരണം ജില്ലാ എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ ഏഴു സ്‌ക്വാഡുകളായാണ് ജില്ലയില്‍ പരിശോധന നടത്തുന്നത്.സംസ്ഥാന -ദേശീയപാതകളില്‍ വാതുവെച്ചും സമ്മാനങ്ങള്‍ക്കായും മോട്ടോര്‍ബൈക്കുകള്‍ മത്സരയോട്ടം നടത്തുന്നത് വ്യാപകമാകുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഒരു നിശ്ചിതസമയത്തിനുള്ളില്‍ എടപ്പാളില്‍നിന്ന് കുറ്റിപ്പുറത്തെത്തി തിരിച്ചുവരുന്നവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്ന രീതിയിലുള്ള മത്സരം കുറച്ചുകാലം മുന്‍പുവരെ നടന്നിരുന്നു.

ഇതിലുള്‍പ്പെട്ട ഒരു യുവാവ് അപകടത്തില്‍പ്പെട്ട് മരിച്ചതോടെയാണ് ഇതു നിലച്ചത്. ഓപ്പറേഷന്‍ റേസില്‍ 70 കേസുകളാണ് ഇതുവരെയെടുത്തത്. വാഹനങ്ങളുടെ സൈലന്‍സര്‍ മാറ്റിവെച്ച് അതിഭീകര ശബ്ദത്തോടെയുള്ള സവാരി, രൂപമാറ്റംവരുത്തിയുള്ള യാത്ര എന്നിവയും വന്‍തോതിലുണ്ട്. ഇത്തരത്തിലുള്ള 84 വാഹനങ്ങള്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ചെയ്തതായി, പൊന്നാനി താലൂക്കില്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കുന്ന ഇന്‍സ്പെക്ടര്‍ എം.വി. അരുണ്‍ പറഞ്ഞു. J

latest News