logo
AD
AD

മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെർമിനൽ നിർമാണം ഇഴയുന്നു; സർക്കാർ അവഗണനയെന്ന് എം എൽ എ

മലപ്പുറം കെഎസ്ആര്‍ടിസി ബസ് ടെര്‍മിനൽ നിർമാണം അനന്തമായി നീളുന്നു. ഒന്നരവർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് 2016 ല്‍ തറക്കല്ലിട്ട പദ്ധതിയിലാണ് മെല്ലെപ്പോക്ക്. സർക്കാരിന്റെ അവഗണനയാണ് നിർമാണം നീളുന്നതിന് കാരണമെന്നാണ് എംഎല്‍എ പി ഉബൈദുളളയുടെ വിശദീകരണം.⁣ ⁣ മലപ്പുറം ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് ടെർമിനൽ പുതുവർഷ സമ്മാനമായി 2022 ജനുവരി ആദ്യം ഉദ്ഘാടനമെന്നായിരുന്നു ഗതാഗതമന്ത്രിയുടെ ഏറ്റവുമൊടുവിലത്തെ പ്രഖ്യാപനം. എന്നാൽ ഇപ്പോഴും കെട്ടിടത്തിന്റെ 70 ശതമാനം പണി മാത്രമാണ് പൂർത്തിയായത്.⁣ ⁣ 7 കോടിയിലധികം രൂപ ചെലവഴിച്ചാണ് ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലെക്സിന്റെ ഇതുവരെയുള്ള നിർമാണം. പൂർത്തിയാക്കാൻ ഇനിയും 3 കോടി രൂപ കൂടി വേണമെന്നാണ് വിലയിരുത്തൽ. നിർമാണം വേഗത്തിലാക്കുമെന്നു ഗതാഗത മന്ത്രിയുടെ പലഘട്ടത്തിലുള്ള ഉറപ്പുകൾ വെറും വാക്കാകുകയാണെന്നാണ് പി ഉബൈദുളള പറയുന്നത്.⁣ ⁣ കെട്ടിടത്തിൽ ടൈൽ വിരിക്കുന്നതടക്കമുള്ള പ്രവർത്തികളാണ് ബാക്കിയുള്ളത്. പഴയ കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി പൊളിച്ചു നീക്കി യാർഡുമൊരുക്കണം.‍ ഇതെല്ലം കഴിഞ്ഞ് എപ്പോൾ പൊതുജനങ്ങളിലേക്കെത്തുമെന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ എംഎല്‍എക്കുമാകുന്നില്ല.⁣ ⁣ എന്ന് പൂർത്തിയാകുമെന്നറിയാത്ത ഷോപ്പിംങ് കോംപ്ലക്‌സിലെ മുറികള്‍ക്ക് ഇനിയും ആവശ്യക്കാരായിട്ടില്ല. സർക്കാരിന്റെ സവിശേഷ ശ്രദ്ധ മലപ്പുറത്തെ കെഎസ്ആര്‍ടിസി ടെർമിനലിലുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

Latest News

latest News