logo
AD
AD

ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ജയസൂര്യ മികച്ച നടന്‍

ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മത്സര വിഭാഗത്തില്‍ ജയസൂര്യ മികച്ച നടന്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ മികച്ച അഭിനയമാണ് ജയസൂര്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കോവിഡ് പശ്ചാത്തലത്തില്‍ ജയസൂര്യയ്ക്കും രഞ്ജിത്ത് ശങ്കറിനും ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിച്ചില്ല.

എഴുപത് രാജ്യങ്ങളില്‍ നിന്നുള്ള 220 ഓളം സിനിമകളാണ് പല വിഭാഗങ്ങളിലായി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് 'സണ്ണി'. കോവിഡ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഒരേയൊരു കഥാപാത്രം മാത്രമാണുള്ളത്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ജയസൂര്യ മനോഹരമായി അവതരിപ്പിച്ചുവെന്ന് ജൂറി വിലയിരുത്തി.

ഇന്ത്യയില്‍ നിന്നുള്ള ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച, റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പുരസ്‌കാരം നേടിയ തമിഴ് സിനിമ 'കൂഴങ്ങള്‍' മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. 'സണ്ണി ' യെ കൂടാതെ ഡോ.ബിജു സംവിധാനം ചെയ്ത 'ദി പോര്‍ട്രൈറ്‌സ്' ഷരീഫ് ഈസ സംവിധാനം ചെയ്ത 'ആണ്ടാള്‍', മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ 'നായാട്ട്', സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 'എന്നിവര്‍' എന്നീ സിനിമകളാണ് ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും 'മണ്ണ്' മാത്രമാണ് പ്രദര്‍ശന യോഗ്യത നേടിയിരുന്നത്.

Latest News

latest News