ഓണോത്സവം: വ്യവസായ വകുപ്പിന്റെ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് തുടക്കം
സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ഓണോത്സവം’ ഉല്‍പ്പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് മലപ്പുറം കോട്ടക്കുന്നില്‍ തുടക്കമായി. നബാര്‍ഡിന്റെയും കുടുംബശ്രീ ജില്ലാ മിഷൻ്റെയും സഹകരണത്തോടു കൂടി സംഘടിപ്പിക്കുന്ന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം കെ റഫീഖ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ആര്‍ ദിനേശ് അധ്യക്ഷത വഹിച്ചു.
നബാര്‍ഡ് ജില്ലാ വികസന മാനേജര്‍ മുഹമ്മദ് റിയാസ്, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് എ.പി അബ്ദുല്‍ കരീം, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ പി. സ്മിത, സി.കെ മുജീബ് റഹ്‍മാന്‍, ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍ പി.ടി മുഹമ്മദ് ഹനീഫ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എ. അബ്ദുല്‍ ലത്തീഫ് സ്വാഗതവും ഉപജില്ലാ വ്യവസായ ഓഫീസര്‍ എം. സ്വരാജ് നന്ദിയും പറഞ്ഞു. മേളയിലെ ആദ്യ വില്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു.
കരകൗശല ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാര്‍മെന്റ്‌സ് ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍, വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, യന്ത്രസാമഗ്രികള്‍ തുടങ്ങി വിവിധ യൂണിറ്റുകളാണ് പ്രദര്‍ശന മേളയില്‍ പങ്കെടുക്കുന്നത്. മേളയില്‍ പ്രവേശനം സൗജന്യമാണ്. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ വ്യവസായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദകരില്‍ നിന്നും നേരിട്ട് വാങ്ങാന്‍ അവസരമുണ്ട്. വിവിധ സ്റ്റാളുകളിലായി 100 ഓളം സംരംഭകരുടെ ഉല്‍പന്നങ്ങളാണ് മേളയിലുള്ളത്. കുടുംബശ്രീയുടെ ഭക്ഷ്യമേളയും ഇതോടൊന്നിച്ച് നടക്കുന്നുണ്ട്. മേള സെപ്റ്റംബര്‍ 14 നു സമാപിക്കും.