logo
AD
AD

'20 വര്‍ഷം കത്രിക വയറ്റില്‍ കിടന്നാലും അറിയണമെന്നില്ല, ശസ്ത്രക്രിയ നടത്തിയത് ഓര്‍മയിലില്ല': വിചിത്രവാദവുമായി ഡോ.ലളിതാംബിക

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ന്യായീകരണവുമായി ഡോക്ടര്‍ ലളിതാംബിക. വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ് രോഗിക്കുള്ളതെന്നും 20 വര്‍ഷം കത്രിക വയറ്റില്‍ കിടന്നാലും അറിയണമെന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡിപാര്‍ട്‌മെന്റ് ഹെഡ് എന്ന നിലയിലാണ് താന്‍ ശസ്ത്രക്രിയക്ക് തിയതി നിശ്ചയിച്ച് നല്‍കിയതെന്നും ഇതുവരെ വേദന കാരണം രോഗി വന്നിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. 'വേദനയുണ്ടെന്ന് പറഞ്ഞിട്ട് ഈ രോഗി എവിടേക്കാണ് പോയത്? നമ്മുടെ അടുക്കലേക്ക് വന്നില്ലല്ലോ. എന്റെ അറിവില്‍ ഇവിടെ വന്നിട്ടില്ല. ഇപ്പോ അവര്‍ക്കുള്ളത് വൃക്കയിലെ കല്ലുമായി ബന്ധപ്പെട്ട ലക്ഷണങ്ങളാണ്. കത്രിക വയറ്റില്‍ കിടന്നാല്‍ 20 വര്‍ഷം കഴിഞ്ഞാലും അറിയണമെന്നില്ല. ഈ പറയപ്പെടുന്ന ദിവസങ്ങളിലൊന്നും ഞാന്‍ ശസ്ത്രക്രിയ ചെയ്തില്ലെന്ന് ഉറപ്പാണ്. ഒരുപക്ഷേ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതാകാനും സാധ്യതയുണ്ട്. യൂണിറ്റ് ചീഫെന്ന നിലയില്‍ ശസ്ത്രക്രിയക്കുള്ള തീയതി ഞാനാണ് കുറിച്ചുനല്‍കിയത്. മതിയായ ജീവനക്കാര്‍ അന്ന് ഉണ്ടായിരുന്നില്ല. ഇനിയെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ജീവനക്കാരെ ഉറപ്പുവരുത്തണം'. ഡോക്ടര്‍ പറഞ്ഞു.

അതേസമയം, ഡോക്ടറുടെ വാദങ്ങള്‍ തള്ളി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി. ഡോക്ടര്‍ ലളിതാംബിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ശ്രമിക്കുന്നതെന്നും ആവശ്യത്തിന് ജീവനക്കാരില്ലെങ്കില്‍ എങ്ങനെ സര്‍ജറി നടത്തിയെന്നും മന്ത്രി ചോദിച്ചു. പരാതി വിദഗ്ധ സംഘം പരിശോധിക്കും. നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വണ്ടാനത്ത് സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യമെന്നും സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. 'നിര്‍ഭാഗ്യകരമായ സംഭവമാണുണ്ടായത്. ഗൗരവമായി തന്നെ കാണുന്നു. പ്രാഥമിക അന്വേഷണം നടത്തി രേഖകള്‍ പരിശോധനക്ക് വിധേയമാക്കും. വിശദമായ അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും നടപടികള്‍ സ്വീകരിക്കും'. സൂപ്രണ്ട് പറഞ്ഞു. 'നിലവില്‍ സര്‍വീസിലുള്ളവരും ഇല്ലാത്തവരും അന്നത്തെ സര്‍ജറി സംഘത്തിലുണ്ട്. ഡോ.ഷാഹിദയാണ് സര്‍ജറിക്ക് നേതൃത്വം നല്‍കിയത്. ഡോക്ടറുടെ യൂണിറ്റിലുണ്ടായിരുന്നയാളാണ് ലളിതാംബിക ഡോക്ടര്‍. സര്‍ജറിക്ക് ശേഷം അന്ന് ഉപയോഗിച്ച വസ്തുക്കള്‍ ഇവിടെയുണ്ടെന്ന് കേസ് ഡയറിയിലുണ്ട്'. സൂപ്രണ്ട് പറഞ്ഞു. മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വണ്ടാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

Latest News

latest News