എസ്.ഡി.പി.ഐ. നേതാവ് ഷാൻ വധം: നാല് ബി.ജെ.പി-ആർ.എസ്.എസ് പ്രവര്‍ത്തകരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
ആലപ്പുഴ: എസ്.ഡി.പി.ഐ. നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പ്രോസിക്യൂഷന്‍ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ജാമ്യമാണ് റദ്ദാക്കിയത്. മറ്റുപ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌കോടതി നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
2021 ഡിസംബര്‍ 18-ന് രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്.ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയിരുന്നു. ബി.ജെ.പി. നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.