വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച എം.ഡി.എം.എ.യുമായി യുവാവ് പിടിയില്‍
വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച ഒൻപത് ഗ്രാം എം.ഡി.എം.എ യുമായി യുവാവ് കരുവാരക്കുണ്ട് പോലീസിൻ്റെ പിടിയിൽ. കരുവാരക്കുണ്ട് മഞ്ഞൾപ്പാറ കമ്പിപ്പാലം സ്വദേശി ചക്കാലമറ്റം ജിതിൻ ജോർജിനെയാണ് (34) കരുവാക്കുണ്ട് പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കരുവാരക്കുണ്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി.എൻ. സുകുമാരനും സംഘവും ജിതിൻ ജോർജ് താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. ഗ്രാമിന് മുവ്വായിരം രൂപ തോതിൽ 27000 രൂപ വിലവരുന്ന എം.ഡി.എം.എ യാണ് പിടിച്ചെടുത്തത് എന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ മദ്യം കുടിപ്പിച്ചതിനും, അടിപിടി, എഴുത്ത് ലോട്ടറി തുടങിയ കേസുകളിലും പ്രതിയായിടുള്ള ആളാണ് ജിതിൻ ജോർജെന്ന് പോലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കും. എ.എസ്.ഐ കെ. അനിത, സി.പി.ഒ വി. രതീഷ്, ഡാൻസാഫ് അംഗങ്ങളായ പ്രശാന്ത്, എൻ.ടി. കൃഷ്ണ കുമാർ, അഭിലാഫ് കൈപ്പിനി, ആസിഫലി നിബിൻ ദാസ് ജിയോ ജേക്കബ് എന്നിവരുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.