ദേശീയ അംഗീകാര നിറവിൽ നിലമ്പൂർ ജില്ലാ ആശുപത്രി

നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്), ലക്ഷ്യ എന്നിവ ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മികച്ച ആശുപത്രി സൗകര്യങ്ങളും സേവനങ്ങളും ഒരുക്കിയതിന് 92 ശതമാനം സ്കോറോടെയാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്) അംഗീകാരം നേടിയത്. മാതൃ ശിശു പരിചരണത്തിൽ ലക്ഷ്യ സ്റ്റാൻഡേർഡ്സിലേക്ക് ഉയർത്തിയതിന് മെറ്റേണൽ ഓപ്പറേഷൻ തിേയറ്റർ 95.74 ശതമാനം സ്കോറും ലേബർ റൂം 90.25 ശതമാനം സ്കോറും നേടിയാണ് ലക്ഷ്യ അംഗീകാരം നേടിയത്.
നിലമ്പൂർ ജില്ലാ ആശുപത്രിയിൽ 21 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. ജില്ലാ ആശുപത്രിയിൽ രക്തഘടകങ്ങൾ വേർതിരിക്കാനുള്ള സൗകര്യത്തോടെയുള്ള രക്തബാങ്ക്, മോഡുലാർ ഓപ്പറേഷൻ തിയേറ്റർ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. അത്യാഹിത വിഭാഗം, ജനറൽ, സ്പെഷ്യാലിറ്റി വിഭാഗം എന്നിവയിലെല്ലാം മികച്ച സേവനങ്ങളാണ് നൽകിവരുന്നത്. ദിവസവും രണ്ടായിരത്തോളം പേരാണ് ഒപിയിൽ ചികിത്സ തേടിയെത്തുന്നത്. 300-ഓളം പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്.
ഹൃദ്രോഗം, പക്ഷാഘാതം എന്നിവ ചികിത്സിക്കുന്നതിനായി ഐസിയു സംവിധാനം സജ്ജമാണ്. ആദിവാസി മേഖലയിലെ ഈ ആശുപത്രിക്ക് കാത്ത് ലാബിനായി ബജറ്റിൽ അഞ്ചുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇത്തരം മികച്ച പ്രവർത്തനങ്ങൾക്കുള്ള ബഹുമതികൂടിയാണ് ഈ ദേശീയ അംഗീകാരം.