logo
AD
AD

നിപ: കേരളത്തിനുനഷ്ടപ്പെട്ടത് 22 ജീവൻ

മലപ്പുറം: സംസ്ഥാനത്ത്‌ ഇതുവരെ നിപ ബാധിച്ചു മരിച്ചത് 22 പേർ. ഇക്കഴിഞ്ഞ ഒൻപതിന് വണ്ടൂർ നടുവത്തുള്ള ഇരുപത്തിനാലുകാരൻ മരിച്ചതാണ് ഒടുവിലത്തെ സംഭവം.⁣ ⁣ 2018 മേയിൽ കോഴിക്കോട്ടാണ് സംസ്ഥാനത്ത്‌ ആദ്യം നിപ റിപ്പോർട്ടുചെയ്തത്. അന്ന് ആരോഗ്യപ്രവർത്തകരുൾപ്പെടെ 17 പേർ മരിച്ചു. കഴിഞ്ഞ ജൂലായ് 20-ന് മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിലെ ഒൻപതാംക്ലാസ് വിദ്യാർഥി നിപ ബാധിച്ചു മരിച്ചിരുന്നു.⁣ ⁣ 2018-ൽ കോഴിക്കോട്ട് നിപ റിപ്പോർട്ടുചെയ്തശേഷം 2019-ൽ എറണാകുളത്ത്‌ രോഗംബാധിച്ച യുവാവ് സുഖം പ്രാപിച്ചു. 2021-ൽ കോഴിക്കോട് ചൂലൂരിൽ പതിമൂന്നുകാരൻ നിപ ബാധിച്ചു മരിച്ചു. 2023-ൽ കോഴിക്കോട്ട്‌ വീണ്ടും ആറുപേർക്ക് സ്ഥിരീകരിച്ചു. ഇതിൽ മരുതോങ്കരയിലും ആയഞ്ചേരിയിലുമായി രണ്ടുപേർ മരിച്ചു.⁣ ⁣ നിപ ബാധിച്ച് 22 മരണങ്ങളുണ്ടായിട്ടും വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് അധികൃതർ നേരിടുന്ന വെല്ലുവിളി. ഓരോതവണ നിപ റിപ്പോർട്ട് ചെയ്യുമ്പോഴും ആദ്യം ജാഗ്രതപുലർത്തുകയും പിന്നീട് എല്ലാം മറക്കുകയുമാണ് പതിവ്. ഈ മേഖലകളിലെല്ലാം നടത്തിയ പരിശോധനകളിൽ വവ്വാലുകളിൽ നിപയുടെ ആന്റിബോഡി കണ്ടെത്തിയിരുന്നു. ഇവയിൽനിന്നാകാം വൈറസ് വന്നതെന്ന അനുമാനത്തിൽ കവിഞ്ഞ് കൂടുതലൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.⁣ ⁣ ആദ്യമായി റിപ്പോർട്ടുചെയ്തശേഷം മരണം കുറയ്ക്കാനും രോഗമുക്തി കൂട്ടാനും കഴിഞ്ഞുവെന്നതു നേട്ടമാണ്. 2023-ൽ ഒൻപതുവയസ്സുകാരനുൾപ്പെടെ ഇതുവരെ ഏഴുപേർ നിപയെ അതിജീവിച്ചു.⁣ ⁣ നിപ റിപ്പോർട്ടുചെയ്ത പശ്ചിമബംഗാൾ, മലേഷ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെല്ലാം വൈറസിന്റെ ഉറവിടം കണ്ടെത്തിയിരുന്നു. ആരോഗ്യരംഗത്ത്‌ ഏറെ പുരോഗതിയുള്ള കേരളത്തിൽ ഇപ്പോഴും അതിനു സാധിച്ചിട്ടില്ല എന്നതാണ് പോരായ്‌മ. രോഗപ്രതിരോധത്തിന് ഉറവിടം കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നു വിദഗ്‌ധർ പറയുന്നു. വവ്വാലുകളിൽ നിപയുടെ ആന്റിബോഡി കണ്ടെത്തിയതുകൊണ്ടുമാത്രം വവ്വാലാണ് പകർത്തുന്നതെന്ന്‌ ഉറപ്പിച്ചുപറയാനാകില്ലെന്നും വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

latest News