logo
AD
AD

ആധാർ സൗജന്യമായി പുതുക്കാം; ജൂൺ 14 വരെ

10 വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻവഴി സൗജന്യമായി പുതുക്കാൻ ജൂൺ 14 വരെ അവസരം. ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റിൽ സൗജന്യമായി അപ് ലോഡ് ചെയ്യാം. എന്നാൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാവു. അക്ഷയ-ആധാർ കേന്ദ്രങ്ങൾവഴി ഈ സേവനം ലഭ്യമാകുന്നതിന് 50 രൂപ ഫീസ് നൽകണം.⁣ ⁣ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നിർബന്ധമായും നൽകണമെന്ന് സംസ്ഥാന ഐ.ടി. മിഷൻ അറിയിച്ചു. രജിസ്ട്രേഷൻ സമയത്ത് മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകാതിരുന്നവർക്കും പിന്നീട് മാറിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.⁣ ⁣ നിലവിൽ നവജാത ശിശുക്കൾക്കുൾപ്പെടെ ആധാറിന് എൻറോൾ ചെയ്യാം. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റിന് ബയോമെട്രിക്സ് വിവരങ്ങൾ ശേഖരിക്കേണ്ടതില്ല. എന്നാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിലൊരാളുടെ ആധാറും ഹാജരാക്കണം.⁣ ⁣ കുട്ടികളുടെ ആധാർ ബയോമെട്രിക്സ് എന്നിവ അഞ്ച്, 15 വയസ്സുകളിൽ നിർബന്ധമായും പുതുക്കണം. അഞ്ചു വയസ്സുകാർക്ക് ഏഴു വയസ്സുവരെയും 15 കാർക്ക് 17 വയസ്സുവരെയും പുതുക്കൽ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ള എൻറോൾമെൻ്റിന് 100 രൂപ ഫീസ് നൽകേണ്ടി വരും.

latest News