logo
AD
AD

ഷൊർണൂരിൽ നഗരവനം പദ്ധതി 25 ഏക്കറിൽ

ഷൊർണൂർ : നഗരസഭാ പരിധിയിലെ വനംവകുപ്പിന്റെ സ്ഥലം ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന ‘നഗർ വൻ യോജന’ (നഗരവനം പദ്ധതി) നടപ്പാക്കുന്നത് 25 ഏക്കർ സ്ഥലത്ത്. ‘നഗരങ്ങളിലൊരു പച്ചത്തുരുത്ത് എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചുവന്ന ഗേറ്റിൽ വനംവകുപ്പിന്റെ റേഞ്ച് ഓഫീസിനോട് ചേർന്നുള്ള സ്ഥലമാണ് ഇതിനായി തയ്യാറാക്കുക.

നക്ഷത്രവനം, നടപ്പാത, ആംഫി തിയേറ്റർ, വിശ്രമകേന്ദ്രം, എക്കോഷോപ്പ്, കുട്ടികൾക്കായുള്ള പാർക്ക്, മുതിർന്നവർക്കുള്ള വിശ്രമകേന്ദ്രം, വായനാകേന്ദ്രം, ഓപ്പൺജിം, മിയാവാക്കി വനം, ബാംബൂ ഫോറസ്റ്റ് എന്നിവയുൾപ്പെടെയുള്ളവ പദ്ധതിയിൽ ഉദ്ദേശിക്കുന്നുണ്ട്. വനംവകുപ്പ് വഴി കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ഷൊർണൂരിനുപുറമെ ഒലവക്കോടും നഗർവൻ യോജന പദ്ധതി വരുന്നുണ്ട്. 10 ഹെക്ടറിലായി 40 ലക്ഷം രൂപയും ആദ്യഘട്ടത്തിൽ അനുവദിച്ചു. 1.20 കോടി രൂപയുടെ പദ്ധതിയാണിതിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ സഹകരണത്തോടെ നഗരസഭയാണിത് യാഥാർഥ്യമാക്കുക.

നഗരവനത്തിലേക്കെത്തുന്നവർക്ക് വനത്തിനുള്ളിൽ പ്രവേശിച്ച പ്രതീതിയുണ്ടാകുമെന്ന് ഫോറസ്റ്റ് ഓഫീസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ അറിയിച്ചു. ആദ്യഘട്ട യോഗത്തിൽ ബാങ്കുകളും സ്വകാര്യസ്ഥാപനങ്ങളുമെല്ലാം അവരുടെ സി.എസ്.ആർ. ഫണ്ട് ഇതിനായി നൽകാമെന്നേറ്റിട്ടുണ്ട്. സന്നദ്ധസംഘടനകളും ക്ലബ്ബുകളും പദ്ധതിയോട് സഹകരിക്കണമെന്നാണ് വനംവകുപ്പിന്റെ ആവശ്യം. പദ്ധതി വേഗത്തിൽ നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു

Latest News

latest News