logo
AD
AD

ഓപ്പറേഷൻ തൂഫാൻ: വളാഞ്ചേരിയിൽ ബ്രൗൺഷുഗറുമായി മൂന്നുപേർ പിടിയിൽ

വളാഞ്ചേരി: ആസാമിൽ നിന്നും ജീപ്പിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ ബ്രൗൺഷുഗറിന്റെ വൻ ശേഖരവുമായി മൂന്ന് അസാം സ്വദേശികളെ പോലീസ് പിടികൂടി. അസാം സ്വദേശികളായ സദാം ഹുസൈൻ (32), ഇസാസുൽ ഹക്ക് (31), റഷീദുൽ ഇസ്ലാം (28) എന്നിവരാണ് അറസ്റ്റിലായത്. അസമിൽ നിന്നും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നതിനായി എത്തിച്ച മുന്നൂറ് ഗ്രാമിലധികം വരുന്ന ബ്രൗൺ ഷുഗറാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയിലാണ് പ്രതികൾ വലയിലായത്.

തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ധിഖ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി. എൻ.ഒ. സിബി, വളാഞ്ചേരി ഇൻസ്പെക്ടർ ആനന്ദ് ബാബു, പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാർ, വളാഞ്ചേരി സബ് ഇൻസ്പെക്ടർ എം. നിർമ്മൽ എന്നിവരും ജില്ലാ ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


latest News