logo
AD
AD

രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; മണിക്കൂറുകള്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം

ബെംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 12 മണിക്കൂറിലേറെ പിന്നിട്ട രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും സജീവമായുണ്ട്.⁣ ⁣ വിജയപുരയിലെ ഇണ്ടി ഗ്രാമത്തിലാണ് രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തായി പുതുതായി കുഴിച്ച കുഴല്‍ക്കിണറിലേക്ക് ബാലന്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. ചൊവ്വാഴ്ചയാണ് കുടുംബം പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചത്. എന്നാല്‍, വെള്ളം കാണാത്തതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തുറന്നുകിടന്ന കുഴല്‍ക്കിണറാണ് അപകടം വരുത്തിവച്ചത്.⁣ ⁣ ബുധനാഴ്ച വൈകിട്ട് ആറരയോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഏകദേശം 20 അടിയോളം ആഴത്തിലാണ് കുട്ടി നിലവില്‍ കുടുങ്ങികിടക്കുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഓക്‌സിജന്‍ പൈപ്പും ക്യാമറയും കുഴല്‍ക്കിണറിനുള്ളിലേക്ക് ഇറക്കിയിട്ടുണ്ട്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്നും അധികൃതര്‍ അറിയിച്ചു.⁣ ⁣ പാറക്കല്ലുകളും ഉരുളന്‍കല്ലുകളും സമാന്തരമായി കുഴിയെടുക്കുന്നതിന് വെല്ലുവിളിയാകുന്നുണ്ട്. നിലവില്‍ പത്തടിയിലേറെ ആഴത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കുഴിയെടുക്കാനായെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ പോലീസ് സൂപ്രണ്ട് ഋഷികേഷ് സോനാവാനെ, ഡെപ്യൂട്ടി കമ്മീഷണര്‍ ടി. ഭൂബാലന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ ബെലഗാവി, കലബുറഗി എന്നിവിടങ്ങളില്‍നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ഹൈദരാബാദില്‍നിന്നെത്തിയ ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Latest News

latest News