logo
AD
AD

വനത്തിൽവെച്ച് വധശ്രമം; രക്ഷപ്പെട്ടോടിയ യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ

മണിമല (കോട്ടയം): പൊന്തൻപുഴ വനത്തിൽവെച്ച് കൊലപ്പെടുത്താൻ ശ്രമിക്കവെ ഓടി രക്ഷപെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘം. വധശ്രമത്തിൽനിന്നു രക്ഷപെട്ട വാഴൂർ ആനിക്കാട് കൊമ്പാറ സ്വദേശി സുമിത്തിനെ (30) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാര്‍ച്ച് 13-ന് ഉച്ചയ്ക്കായിരുന്നു സംഭവം.⁣ ⁣ കോട്ടയം-പത്തനംതിട്ട ജില്ലാ അതിർത്തിയായ പ്ലാച്ചേരിയിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വാഹനപരിശോധന നടത്തിവന്ന യു.എസ്. ഹരികൃഷ്ണൻ, പി.ടി. ദിലീപ് ഖാൻ, ആർ. ശ്രീജിത്ത് കുമാർ, അനു എന്നിവർ ഉൾപ്പെട്ട സംഘമാണ് യുവാവിന് രക്ഷയേകിയത്. ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച, അവശനായ യുവാവ് പൊന്തൻപുഴ വനപ്രദേശത്തുനിന്ന് ഇവരുടെയടുത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇവരുടെ കാൽക്കൽ വീണ യുവാവിന്റെ മുഖത്തുനിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു.⁣ ⁣ ഉദ്യോഗസ്ഥർ റാന്നി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ആംബുലൻസ് വിളിച്ച് യുവാവിനെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇയാളെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.⁣ ⁣ മണിമല പോലീസ് നടത്തിയ അന്വഷണത്തിൽ കൊടുങ്ങൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശി സാബുദേവസ്യ (40), കൊടുങ്ങൂർ പാണപ്പുഴ പ്രസീദ് (52) എന്നിവർ അറസ്റ്റിലായി. സുമിത്തും സാബു ദേവസ്യയും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് വിവരം.

latest News