logo
AD
AD

കുറ്റിപ്പുറം വാഹനാപകടം: ടെമ്പോ ട്രാവലർ ഡ്രൈവർക്കെതിരേ കേസെടുത്തു

കുറ്റിപ്പുറം: ദേശീയപാത 66-ൽ കിൻഫ്ര പാർക്കിന് സമീപം ബൈക്ക് യാത്രക്കാരൻ അപകടത്തിൽപ്പെട്ട സംഭവത്തിൽ ടെമ്പോ ട്രാവലർ ഡ്രൈവർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. ടയർ പൊട്ടി വാഹനം ഒതുക്കുന്നതിനിടെ ബൈക്ക് വന്നിടിച്ചതാണെന്ന ഡ്രൈവറുടെ വാദം സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെ കള്ളമാണെന്ന് തെളിഞ്ഞു. ഇതോടെയാണ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിംഗിനെതിരേ പോലീസ് നിയമനടപടി സ്വീകരിച്ചത്.

വളാഞ്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലേക്ക് പ്രവേശിക്കാനായി ടെമ്പോ ട്രാവലർ അശ്രദ്ധമായി പിന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ സമയം അതേ ദിശയിൽ വരികയായിരുന്ന തേഞ്ഞിപ്പലം പാണമ്പ്ര സ്വദേശി ഷിബുവിന്റെ ബൈക്കിൽ ട്രാവലറിന്റെ പിൻഭാഗം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഷിബു റോഡിലേക്ക് തെറിച്ചുവീഴുകയും തൊട്ടുപിന്നാലെ വന്ന കെ.എസ്.ആർ.ടി.സി. ബസ് ഷിബുവിന്റെ ബൈക്കിനെ വലിച്ച് കുറച്ചുദൂരം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.

അപകടത്തിന് പിന്നാലെ ടയർ പൊട്ടിയതിനാലാണ് വാഹനം മാറ്റാൻ ശ്രമിച്ചതെന്ന വ്യാജമൊഴി നൽകി നാട്ടുകാരെയും പോലീസിനെയും തെറ്റിദ്ധരിപ്പിക്കാനാണ് ഡ്രൈവർ ശ്രമിച്ചത്. എന്നാൽ ശാസ്ത്രീയമായ തെളിവുകൾ ഇയാളുടെ വാദങ്ങൾ തെറ്റാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബു നിലവിൽ കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പോലീസിന്റെ നേതൃത്വത്തിൽ കേസിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.

latest News