logo
AD
AD

തവനൂർ ചിൽഡ്രൻസ് ഹോമിൽ 'വേനൽമഴ' ക്യാമ്പിന് തുടക്കമായി

മലപ്പുറം: തവനൂർ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് അറിവിന്റെയും വിനോദത്തിന്റെയും പുതുവസന്തമൊരുക്കി 'വേനൽമഴ' അവധിക്കാല ക്യാമ്പിന് തുടക്കമായി. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പ് മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക ശേഷിയും ആത്മവിശ്വാസവും വളർത്താൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അവധിക്കാലത്ത് വീടുകളിലേക്ക് പോകാൻ കഴിയാത്ത കുട്ടികളിലെ ഒറ്റപ്പെടൽ ഒഴിവാക്കി അവർക്ക് മാനസിക ഉല്ലാസം നൽകുക എന്നതാണ് ഈ പദ്ധതിയുടെ കാതൽ. ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, യുവത കൾച്ചറൽ ഓർഗനൈസേഷൻ, മൈൽസ് എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടപ്പിലാക്കുന്നത്. നാടക കളരി, മാജിക് ഷോ, ഒറിഗാമി തുടങ്ങിയ കലാപരിപാടികൾക്ക് പുറമെ യോഗ, നീന്തൽ, ശാസ്ത്ര കൗതുകം എന്നിങ്ങനെ ഇരുപതിലധികം വൈവിധ്യമാർന്ന ഇനങ്ങളാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.

ജീവിതവിജയം നേടിയ മുൻ ചിൽഡ്രൻസ് ഹോം വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയും നക്ഷത്രബംഗ്ലാവ് സന്ദർശനം പോലുള്ള പഠനയാത്രകളും ക്യാമ്പിന്റെ പ്രധാന ആകർഷണങ്ങളാണ്. സി.ഡബ്ല്യു.സി ചെയർപേഴ്സൺ എ. മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി സ്വാഗതമാശംസിച്ചു. ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. മറ്റ് ജില്ലകൾക്ക് കൂടി മാതൃകയാക്കാവുന്ന ഈ സംരംഭം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ സഹായിക്കുമെന്ന് അധികൃതർ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

latest News