logo
AD
AD

'ഞങ്ങൾ മത്സരിക്കുന്നത് ദേശീയ പതാക നിലനിർത്താൻ, മുഖ്യമന്ത്രിയും BJPയും ഒരേ ശബ്ദത്തിൽ കൂവുന്നു'

മലപ്പുറം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് പതാക ഉയര്‍ത്താന്‍ അനുവദിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. ദേശീയ പദവി നിലനിര്‍ത്താനാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. യു.ഡി.എഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനെന്നും സലാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.⁣ ⁣ സംസ്ഥാനത്ത് പെന്‍ഷന്‍ മുതല്‍ സര്‍വകാര്യങ്ങളും മുടങ്ങി കിടക്കുന്നു. ജനങ്ങളെ നേരിടാനാവാത്ത രീതിയില്‍ മുഖ്യമന്ത്രിയുടെ ഭീരുത്വം തുടരുകയാണ്. റിയാസ് മൗലവി വധക്കേസിലെ അട്ടിമറിയുടെ അന്തര്‍ധാര തങ്ങള്‍ വ്യക്തമാക്കിയതാണ്. ലാവ്‌ലിന്‍ കേസ് ഇനിയും മാറ്റി വെക്കണമല്ലോ.⁣ ⁣ ഇന്ത്യ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പരാജയപ്പെടുത്താന്‍ ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുക്കുന്ന കാര്യത്തില്‍ എന്നും മുന്നില്‍നിന്ന മുഖ്യമന്ത്രിക്ക് അത്തരം ഒരു അവസരം നഷ്ടപ്പെട്ടതിന്റെ നൈരാശ്യമാണ് പ്രസ്താവനയിലൂടെ പുറത്തുവന്നത്. ബി.ജെ.പിയും ഇതേ കാര്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരേ തൂവല്‍പക്ഷികള്‍ ഒരേ ശബ്ദത്തില്‍ കൂവുന്നു.⁣ ⁣ കോണ്‍ഗ്രസിനെ തോല്‍പിക്കലാണ് ബി.ജെ.പിയുടെയും പിണറായിയുടെയും ആവശ്യം. തന്റെ നേരെ വന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളില്‍നിന്ന് മോചിതനാകാന്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരരുതെന്ന തീവ്രനിലപാട് പിണറായിക്കുണ്ട്. ആ നിലപാടിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും ദുര്‍ബലപ്പെടുത്താന്‍ കിട്ടുന്ന എല്ലാ അവസരവും പിണറായി ഉപയോഗിക്കുന്നത്. അത്തരം ഒരു അവസരം നഷ്ടപ്പെട്ടതിലുള്ള നൈരാശ്യമാണ് മുസ്ലിംലീഗ് പതാകയോട് ഇപ്പോള്‍ തോന്നിയ സ്നേഹമെന്നും സലാം കൂട്ടിച്ചേർത്തു.⁣ ⁣ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പതാക ഇന്ത്യയിലെ ജനങ്ങൾ അണിനിരക്കുന്ന പാർട്ടിയുടെ കൊടിയാണെന്ന് കോൺഗ്രസ് പറയാൻ തയ്യാറാകുമെന്ന് ചിലരെങ്കിലും പ്രതീക്ഷിച്ചിരുന്നതായി പിണറായി വിജയൻ ആലപ്പുഴയിൽ പറഞ്ഞിരുന്നു.

Latest News

latest News