ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യ പട്ടിക പുറത്തിറക്കി ബിജെപി, കെജ്‌രിവാളിനെതിരെ പർവേഷ് വർമ്മ
ന്യൂഡല്‍ഹി: എഎപിക്കും കോണ്‍ഗ്രസിനും പിന്നാലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പർവേഷ് വർമ്മ, രമേഷ് ബിധുരി, മഞ്ജീന്ദർ സിംഗ് സിർസ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ആദ്യ പട്ടികയില്‍ ഇടം നേടി. 29 സ്ഥാനാര്‍ഥികളുടങ്ങിയ ആദ്യ പട്ടികയാണ് ബിജെപി പുറത്തുവിട്ടത്. 70 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുന്‍ എംപി പര്‍വേഷ് വര്‍മയാണ് മത്സരിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരെ കല്‍കജി മണ്ഡലത്തില്‍ നിന്ന് ബിജെപി നേതാവ് രമേഷ് ബിധുരി മത്സരിക്കും. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള മുന്‍ എംപിയാണ് രമേഷ് ബിധുരി. ഇതോടെ കല്‍കജിയില്‍ വാശിയേറിയ പോരാട്ടമാണെന്ന് ഉറപ്പായി. മുന്‍ എഎപി നേതാവ് കൂടിയായ അൽക്ക ലാംബയെയാണ് കോണ്‍ഗ്രസ് ഇവിടെ നിര്‍ത്തിയിരിക്കുന്നത്.