വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ ആർ ചിദംബരം അന്തരിച്ചു
മുംബൈ: വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ രാജഗോപാല ചിദംബരം അന്തരിച്ചു. ശനിയാഴ്ച മുംബൈയിലെ ജസ്‌ലോക് ആശുപത്രിയിൽ ആയിരുന്നു അന്ത്യമെന്ന് ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെൻ്റ് (ഡിഎഇ) അറിയിച്ചു. 88 വയസ്സായിരുന്നു. 1974-ലും 1998-ലും രാജസ്ഥാനിലെ പൊഖ്‌റാനിൽ നടന്ന രണ്ട് ആണവ പരീക്ഷണങ്ങളിലും സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ആണവശേഷി രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ആണവ ശാസ്ത്രജ്ഞനാണ് ആർ ചിദംബരം. ഇന്ത്യയുടെ ആണവോർജ്ജ കമ്മീഷൻ ചെയർമാനായിരുന്നു. ശേഷം കേന്ദ്രസർക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായും പ്രവർത്തിച്ചു. 1975 ലും 1999 ലും ചിദംബരത്തിന് പദ്മശ്രീയും പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.
1936-ൽ ജനിച്ച ചിദംബരം ചെന്നൈയിലെ പ്രസിഡൻസി കോളേജിലും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1990 മുതൽ 1993 വരെ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്റർ ഡയറക്ടർ ആയിരുന്നു. 1994-95 കാലഘട്ടത്തില്‍ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ചെയര്‍മാനായിരുന്നു. പൊഖ്‌റാൻ-I (1975), പൊഖ്‌റാൻ-II (1998) എന്നീ ആണവ പരീക്ഷണങ്ങളുടെ തയ്യാറെടുപ്പുകൾ ഏകോപിപ്പിച്ചത് ചിദംബരമായിരുന്നു. ഏതാനും നാളുകളായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.