സെക്രട്ടറിമാരെ തുടരെ സ്ഥലംമാറ്റുന്നു; കളക്ടറേറ്റിൽ പരുതൂർ പഞ്ചായത്തധികൃതരുടെ പ്രതിഷേധം
പാലക്കാട്: പരുതൂർ പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കൂട്ടത്തോടെ കളക്ടറേറ്റിലെത്തി പ്രതിഷേധിച്ചു. പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രതിഷേധം ആറു മണിക്കൂർ നീണ്ടു. ഇടയ്ക്ക് പ്രതിഷേധക്കാർ ജോ. ഡയറക്ടറെ തടഞ്ഞുവെച്ചു. ഒടുവിൽ പോലീസെത്തി സംഘർഷാവസ്ഥ ഒഴിവാക്കി. ഗ്രാമവികസന വകുപ്പ് ഡയറക്ടർ ഇടപെട്ട് രണ്ടു പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് സമരക്കാർ പിരിഞ്ഞുപോയത്. ശനിയാഴ്ച രാവിലെ 10.30-നാണ് പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കറിയയുടെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റും അംഗങ്ങളുമടക്കമുള്ളവർ പ്രതിഷേധവുമായെത്തിയത്. യു.ഡി.എഫ്. ഭരിക്കുന്ന പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ തകർക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നതായി സമരക്കാർ ആരോപിച്ചു. പഞ്ചായത്തിലെത്തിയ സെക്രട്ടറിമാരെ നാലുവർഷത്തിനിടെ 12 തവണ സ്ഥലംമാറ്റിയതായും ഇത് വികസനപ്രവർത്തനങ്ങളെ തകിടംമറിച്ചതായും ആരോപണമുയർന്നു.അക്കൗണ്ടന്റിനെയും ഹെഡ് ക്ലർക്കിനെയും സ്ഥലം മാറ്റിയിരുന്നു. പ്രതിഷേധക്കാർ ആദ്യം പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ എം.കെ. ഉഷയുമായി ചർച്ച നടത്തി. ജോയിന്റ് ഡയറക്ടർ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ചു. സെക്രട്ടറിയെ സ്ഥലംമാറ്റിയ നടപടി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഒരു മണിക്കൂറിനുള്ളിൽ ഇറക്കുമെന്ന് ജോ. ഡയറക്ടർ സമരക്കാർക്ക് ഉറപ്പുനൽകി. എന്നാൽ, ഉത്തരവ് കിട്ടിയാലേ സമരം അവസാനിപ്പിക്കൂ എന്നായി പ്രതിഷേധക്കാർ. മണിക്കൂറുകൾ കാത്തിരുന്നിട്ടും ഉത്തരവ് ലഭിക്കാതായതോടെ കുത്തിയിരുന്നായി പ്രതിഷേധം. വൈകീട്ട് നാലുമണിയായിട്ടും ഉത്തരവ് ലഭിക്കാതായതോടെയാണ് പ്രതിഷേധക്കാർ ജോയിന്റ് ഡയറക്ടറെ ഉപരോധിച്ചത്. ഇതിനിടെ പോലീസ് സ്ഥലത്തെത്തി. രണ്ടുദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ഗ്രാമവികസനവകുപ്പ് ഡയറക്ടർ ഉറപ്പുനൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. എട്ടുമാസം ഒഴിഞ്ഞുകിടന്ന സെക്രട്ടറിയുടെ തസ്തികയിലേക്ക് ഒക്ടോബറിലാണ് തൃത്താല ബി.ഡി.ഒ. ആയിരുന്ന മഞ്ജുഷയെ നിയമിച്ചത്. മൂന്ന് ദിവസത്തിനു ശേഷം തിരുവേഗപ്പുറയിലേക്ക് മാറ്റി. ഇതിനെതിരേ കളക്ടർക്ക് ഭരണസമിതി നിവേദനം നൽകി. തുടർന്ന് ഉത്തരവ് മരവിപ്പിച്ചു. വീണ്ടും വെള്ളിയാഴ്ച സെക്രട്ടറിയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങി. അസി. സെക്രട്ടറിയെ കൊടുവായൂരിലേക്കും മാറ്റി. രാഷ്ട്രീയ വിവേചനത്തിന്റെ ഭാഗമായാണ് സർക്കാർ നടപടിയെന്ന് പരുതൂർ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കറിയ പറഞ്ഞു. വികസന സ്ഥിരംസമിതി അധ്യക്ഷൻ എം.പി. ഹസ്സൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വഹീദ ജലീൽ, വിദ്യാഭ്യാസ-ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അഭി എടമനം, പഞ്ചായത്തംഗങ്ങളായ എ.കെ.എം. അലി, സൗമ്യ സുഭാഷ്, കെ.വി. രജനി ചന്ദ്രൻ, എം.പി. അനിത, റിസോഴ്സ് പേഴ്സൺ രാംദാസ് പരുതൂർ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.