logo
AD
AD

രാഹുൽ റായിബറേലിയിൽ, അമേഠിയിൽ കെ.എൽ ശർമ; സസ്‌പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ്

ന്യൂഡൽഹി: സസ്‌പെൻസ് അവസാനിപ്പിച്ച് റായിബറേലിയിലും അമേഠിയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി റായിബറേലിയിൽ മത്സരിക്കും. അമേഠിയിൽ മുതിർന്ന നേതാവ് കിശോരിലാൽ ശർമയാണ് സ്ഥാനാർഥി. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് രാഹുലിനെ റായിബറേലിയില്‍ ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. രണ്ടു മണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്നാണ്. പത്രിക സമർപ്പിക്കാനുള്ള അന്തിമസമയത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴും അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ സസ്പെൻസ് നിലനിർത്തുകയായിരുന്നു കോൺഗ്രസ്. വയനാടിനു പുറമെ രണ്ടാം മണ്ഡലമായി അമേഠിയില്‍ മത്സരിക്കാന്‍ രാഹുല്‍ താല്‍പര്യം അറിയിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്തകളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് സെറ്റ് പത്രികകൾ രാഹുലിനായി പൂരിപ്പിച്ചുവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, റായ്ബറേലിയിൽ മത്സരിക്കാൻ ഇന്നലെ രാത്രിയും പ്രിയങ്ക ഗാന്ധി സമ്മതം മൂളിയില്ല. ഇക്കാര്യത്തിൽ തീരുമാനമായാൽ ഉടൻ പ്രഖ്യാപനം നടത്താമെന്നു കരുതി അർധരാത്രി വരെ കോണ്‍ഗ്രസ് നേതൃത്വം കാത്തിരുന്നു. രാവിലെയും പ്രിയങ്കയ്ക്കു മനംമാറ്റമില്ലെന്നു വ്യക്തമായതോടെയാണ് അന്തിമ പ്രഖ്യാപനം വന്നിരിക്കുന്നത്. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ നിരന്തരം ഉന്നയിക്കുന്ന കുടുംബവാഴ്ചാ അധിക്ഷേപങ്ങള്‍ക്കു നിന്നുകൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പ്രിയങ്ക നിലപാടില്‍ ഉറച്ചുനിന്നത്. ഇന്ധിരാ ഗാന്ധി മുതൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തതട്ടകമാണ് റായിബറേലിയും അമേഠിയും. 2019ൽ സ്മൃതി ഇറാനിയെ ഇറക്കി അമേഠി കോട്ട പൊളിക്കുകയായിരുന്നു ബി.ജെ.പി. ദിനേശ് പ്രതാപ് സിങ് ആണ് റായിബറേലിയിൽ ബി.ജെ.പി സ്ഥാനാർഥി. അമേഠിയിൽ സ്മൃതി ഇറാനിയെ തന്നെ ഇറക്കി സീറ്റ് നിലനിര്‍ത്താനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ തവണയും റായിബറേലിയിൽ ദിനേശ് പ്രതാപ് സിങ് തന്നെയായിരുന്നു ബി.ജെ.പിക്കു വേണ്ടി ജനവിധി തേടിയത്. തുടർച്ചയായി നാലു തവണ വൻ ഭൂരിപക്ഷത്തിന് സോണിയ നിഷ്പ്രയാസം ജയിച്ചുവന്ന മണ്ഡലമാണ് റായിബറേലി. 2006 തൊട്ട് 2014 വരെ സോണിയയുടെ ഭൂരിപക്ഷം രണ്ടു ലക്ഷത്തിനു താഴെ പോയിരുന്നില്ല. എന്നാൽ, കഴിഞ്ഞ തവണ ദിനേശ് പ്രതാപ് സിങ്ങിന് സോണിയയുടെ ഭൂരിപക്ഷത്തിൽ ഇളക്കമുണ്ടാക്കാനായി. 1.67 ലക്ഷമായാണു ഭൂരിപക്ഷം കുറഞ്ഞത്. അമേഠിയിൽ 2019ൽ രാഹുൽ ഗാന്ധിയെ തോൽപിച്ച സ്മൃതി ഇറാനി ഇത്തവണയും വലിയ ആത്മവിശ്വാസത്തിലാണ്. തുടർച്ചയായി മൂന്നു തവണ ലക്ഷത്തിലേറെ ഭൂരിപക്ഷത്തിന് പാർലമെന്റിലെത്തിയ മണ്ഡലത്തിൽ 2019ൽ രാഹുലിന് അടിതെറ്റി. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞ തവണ സ്മൃതി ഇറാനിയുടെ അട്ടിമറി വിജയം. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ ശർമയെയാണ് കോട്ട തിരിച്ചുപിടിക്കാനായി കോൺഗ്രസ് ഏൽപിച്ചിരിക്കുന്നത്. സ്മൃതി ഇറാനിക്കും കെ.എൽ ശർമയ്ക്കും പുറമെ ബി.എസ്.പി സ്ഥാനാർഥിയായി നാനെ സിങ് ചൗഹാനും മത്സരരംഗത്തുണ്ട്.

Latest News

latest News