ആരോഗ്യം ആനന്ദം 'വൈബ് ഫോര്‍ വെല്‍നെസ്സ്' ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
പാലക്കാട്: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം 'വൈബ് ഫോര്‍ വെല്‍നെസ്സ്' ക്യാമ്പയിനിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ മേഖലകളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്കും തുടക്കമായി. ഉദ്ഘാടനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്, മാസ് യോഗ സെഷന്‍, യോഗാ ഡാന്‍സ്, ഫ്‌ലാഷ് മോബ്, സൂമ്പാ ഡാന്‍സ് എന്നിവയും സംഘടിപ്പിച്ചു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ബി രാജു അധ്യക്ഷത വഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആഗ്‌നസ് ക്ലീറ്റസ് വിഷയാവതരണം നടത്തി. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.സി കവിത മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പ്രദീപ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.എസ് സുനിത, വൈബ് ഫോര്‍ വെല്‍നസ് ക്യാമ്പയിന്‍ നോഡല്‍ ഓഫീസര്‍ കെ ശ്രീവിലാസ് എന്നിവര്‍ സംസാരിച്ചു. മറ്റു ആയുഷ് വകുപ്പ് - നാഷണല്‍ ആയുഷ് മിഷന്‍ ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
