തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ; ഇന്ന് കൊട്ടിക്കലാശം, നാളെ നിശബ്ദം
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിന് ആവേശത്തിരയിളക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികൾ. മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പോളിംങ്. ആരോപണ-പ്രത്യാരോപണങ്ങൾ ഉയർത്തി കളം നിറഞ്ഞുള്ള കളിയിലായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മുന്നണികൾ.
മൂന്നാഴ്ച കാലം നീണ്ടു നിന്ന പ്രചാരണത്തിനാണ് അവസാനം കുറിക്കുന്നത്. കടുത്ത വേനൽ ചൂടിനെ വകവെക്കാതെ റോഡ് ഷോകളും കൺവെൻഷനുകളും നേരിട്ടുള്ള വോട്ട് തേടലുമായി സ്ഥാനാർഥികളെല്ലാം കേരളത്തിലെ വീട് വീടാന്തരം കയറിയിറങ്ങി. സംസ്ഥാനം സമാനതകൾ ഇല്ലാത്ത രാഷ്ട്രീയ ആവേശത്തിലേക്കും മാറി. ഇന്ന് വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിക്കും.
കൊണ്ടും കൊടുത്തും ഉള്ള ദിവസങ്ങളാണ് ഇന്ന് അവസാനിക്കുന്നത്. നൂറ് സീറ്റ് കിട്ടുമെന്ന് യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ, തുടർഭരണത്തിന്റെ തുടർച്ച ഉണ്ടാകുമെന്ന് ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. അക്കൗണ്ട് തുറക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. അവസാനദിവസത്തെ അടിയൊഴുക്കുകൾ അനുകൂലമാക്കാൻ ഉള്ള തന്ത്രങ്ങളെല്ലാം മെനയുകയാണ് നേതാക്കൾ.
