logo
AD
AD

കേരള മാപ്പിള കലാ അക്കാദമി 150 കലാപ്രതിഭകളെ ആദരിച്ചു

കോട്ടക്കൽ: കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കലാജ്വാല'യിൽ, കഴിഞ്ഞ സ്കൂൾ കലോത്സവത്തിൽ മാപ്പിള കലകളിൽ മലപ്പുറം ജില്ലയിൽ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കലാപ്രതിഭകളെയും, അവർക്ക് പിന്നിൽ പ്രവർത്തിച്ച പരിശീലകരെയും, വിദ്യാലയങ്ങളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. കോട്ടക്കൽ സി.എച്ച്. സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 150-ഓളം കലാപ്രതിഭകൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. ജില്ലയിൽ ആദ്യമായാണ് ഒരു കലാ സംഘടന ഇത്രയധികം പേരെ ഒരേ വേദിയിൽ ആദരിക്കുന്നത്. വിദ്യാഭ്യാസ, സാമൂഹ്യ രംഗങ്ങളിലെ മികച്ച സേവനം മുൻനിർത്തി വൈലത്തൂർ സ്വദേശി ടി. നിയാസിന് കേരള മാപ്പിള കലാ അക്കാദമി എക്സലൻസ് പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവ്വഹിച്ചു. കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ മുഖ്യാതിഥിയായിരുന്നു. മോയിൻകുട്ടി വൈദ്യർ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ജേതാക്കൾക്ക് പൊന്നാട അണിയിച്ചു. കലാപ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ, പ്രശസ്ത ഗായകൻ അഷ്റഫ് പാലപ്പെട്ടി, കോട്ടക്കൽ പ്രസ് ക്ലബ്ബ് ജനറൽ സെക്രട്ടറി മഠത്തിൽ രവി, കോട്ടക്കൽ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് നസീർ മേലേതിൽ, ജില്ലാ പ്രസിഡന്റ് ലുഖ്മാൻ അരീക്കോട്, സംസ്ഥാന വൈസ് പ്രസിഡന്റ് മുക്കം സാജിത, സെക്രട്ടറി ഇഷ്റത്ത് സബ, സാബി തെക്കെപ്പുറം എന്നിവർ ചേർന്ന് വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി.വി. ഹസീബ് റഹ്‌മാൻ, എഴുത്തുകാരൻ കെ.എം. ശാഫി, ഫൈസൽ കന്മനം, സംസ്ഥാന വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ പൂവത്തിക്കൽ എന്നിവർ പ്രസംഗിച്ചു. നൂഹ കാസിമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ ജില്ലാ ഭാരവാഹികളായ അലവി നരിപ്പറ്റ, ശരീഫ് കൂട്ടായ്, മൊയ്തീൻ കുഞ്ഞി മാസ്റ്റർ, ഹുസൈൻ ചേളാരി, നൗഷാദ് ബാവ, ഷബാന ചെമ്മാട്, ഹഫ്സത്ത് തിരൂർ, ഷാഹിന വടക്കാങ്ങര, സ്വാഗതസംഘം ചെയർമാൻ കെ.പി. നാസർ, റഷീദ് മോങ്ങം, നിസാർ കാടേരി, ബഷീർ തൊട്ടിയൻ, അഷ്റഫ് കള്ളാടിയിൽ എന്നിവർ നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് അരങ്ങേറിയ ഇശൽ വിരുന്നും ആസ്വാദകർക്ക് മികച്ച അനുഭവമായി.


latest News