logo
AD
AD

വായനാദിനം- മാസാഘോഷം പാലക്കാട് ജില്ലാതല ഉദ്ഘാടനം

ഡിജിറ്റൽ വായനയുടെ കാലത്തും പുസ്തക വായനയുടെ പ്രാധാന്യം കുറയില്ലെന്നും പുസ്തകങ്ങളിലൂടെ സ്വാംശീകരിക്കുന്ന അറിവ് ഡിജിറ്റൽ വായനയേക്കാളും പ്രാധാന്യമുണ്ടെന്നും പാലക്കാട് ജില്ലാ കലക്ടര്‍ കെ സുധീര്‍. ഒരുമാസം നീണ്ടു നില്‍ക്കുന്ന വായനാ മാസാചരണത്തിന് തുടക്കമിട്ട് വായനാദിനം ജില്ലാതല ഉദ്ഘാടനം ബി ഇ എം എച്ച എസ് എസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങള്‍ ആഴത്തില്‍ മനസിലാക്കി വായിക്കുന്നത് ദുഷ്ചിന്തകളെ അകറ്റും. സ്‌കൂള്‍ ലൈബ്രറികളില്‍ ലളിതമായ പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ ശ്രദ്ധിക്കണം. പുസ്തങ്ങളെ സ്നേഹിച്ചാണ് വായിക്കേണ്ടതെന്നും മൊബൈല്‍ ഫോണില്‍ അല്ലാതെ പുസ്തകങ്ങള്‍ വായിക്കുന്നതിലും കൂടുതല്‍ അറിവ് നേടുന്നതിലുമാണ് കുട്ടികള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വായനയോടുള്ള താല്‍പര്യം എക്കാലവും നിലനിര്‍ത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ തോല്‍പാവക്കൂത്ത് കലാകാരന്‍ രാജീവ് പുലവര്‍ പറഞ്ഞു. തുടര്‍ന്ന് വിവിധതരം തോല്‍പാവക്കൂത്ത്, നിഴല്‍പാവക്കൂത്ത് എന്നിവയുടെ സോദാഹരണ ദൃശ്യാവിഷ്‌കാരവും വേദിയില്‍ അവതരിപ്പിച്ചു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. കെ സാജിദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ സന്ധ്യാകുമാരി അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി എസ് സതികുമാര്‍, പാലക്കാട് എ ഇ ഒ രമേശ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍, പാലക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി രവീന്ദ്രന്‍, കാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി.എസ് നാരായണന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഇ വി കോമളം തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് വായന ദിനാചരണം സംഘടിപ്പിച്ചത്.


latest News