logo
AD
AD

നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമെ കോഴിക്കോട്ട് മലേറിയയും

കോഴിക്കോട്: കേരളത്തിൽ പകർച്ചവ്യാധി ഭീഷണി വർധിക്കുന്നു. സംസ്ഥാനത്ത് ഷിഗെല്ല വ്യാപനം രൂക്ഷമായതോടെ ഇന്നലെ മാത്രം രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചു. ഇതിന് പുറമെ കോഴിക്കോട് ജില്ലയിൽ നിപ, ഷിഗെല്ല രോഗങ്ങൾക്ക് പിന്നാലെ മലേറിയ കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

ഇന്നലെ മാത്രം സംസ്ഥാനത്ത് എട്ടു പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിലായാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഈ മാസം മാത്രം ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 71 ആയി ഉയർന്നു. ഈ വർഷം ഇതുവരെ 147 പേർക്കാണ് രോഗം ബാധിച്ചത്. ഷിഗെല്ല ബാധിച്ച് രണ്ട് പേർ മരിച്ചുവെന്നതാണ് ഏറ്റവും ആശങ്കാജനകമായ വാർത്ത. മലപ്പുറം സ്വദേശിയായ ഏഴുവയസുകാരന്റെയും, കഴിഞ്ഞ മാസം തൃശൂരിൽ മരിച്ച 43 കാരന്റെയും മരണം ഷിഗെല്ല മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധികൾ വലിയ വെല്ലുവിളിയാണ് നിലവിൽ ഉയർത്തുന്നത്. നിപയ്ക്കും ഷിഗെല്ലയ്ക്കും പുറമേ ജില്ലയിൽ മലേറിയ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഇതരസംസ്ഥാന തൊഴിലാളിക്കാണ് മലേറിയ കണ്ടെത്തിയത്. ഇയാൾക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം മധ്യപ്രദേശിൽ നിന്നാണെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. ഇന്നലെ മാത്രം ജില്ലയിൽ മൂന്ന് പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്ന് വ്യത്യസ്ത രോഗങ്ങൾ ഒരേസമയം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട്ടെ നിപ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട ആരോഗ്യ പ്രവർത്തകയുടെ പരിശോധനാഫലം ഇന്നലെ നെഗറ്റീവ് ആയത് വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്ന രോഗിയുടെ ആരോഗ്യനിലയിൽ നിലവിൽ മാറ്റമില്ലാതെ തുടരുകയാണ്. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.


Latest News

latest News