logo
AD
AD

ഹോട്ടലിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തിരൂർ: തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിൽ രണ്ടുപേരെ തിരൂർ പൊലീസ് പിടികൂടി. ഇടുക്കി വണ്ണപ്പുറം സ്വദേശി അശ്വിൻ (22), കഞ്ഞിക്കുഴി സ്വദേശി ഡോൺ സണ്ണി (26) എന്നിവരാണ് പിടിയിലായത്. ഓഗസ്റ്റ് 24ന് രാത്രിയിലാണ് തൃക്കണ്ടിയൂരിലെ ഹോട്ടൽ ഫ്രണ്ട്സിൽ മോഷണം നടന്നത്. മേശവലിപ്പിലുണ്ടായിരുന്ന പണവും വിവിധ രാജ്യങ്ങളുടെ കറൻസികളും മേശയ്ക്കു താഴെ സൂക്ഷിച്ചിരുന്ന നാണയങ്ങളും ഉൾപ്പെടെ ഏകദേശം 20,000 രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. സമീപത്തെ ബാലു സൺസ് ബാർബർ ഷോപ്പ്, ശ്രീ ഗണേഷ് ഹോട്ടൽ, എ.ഡബ്ല്യു.എച്ച് സ്പെഷ്യൽ സ്കൂൾ, അമ്പലക്കുളങ്ങര ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്തെ 15ലധികം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ച് സമീപത്തെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിൽ അന്വേഷണം മുന്നോട്ടുപോയി. ഇതിനിടെ മറ്റൊരു മോഷണക്കേസിൽ കൊല്ലം പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരൂർ പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദേശപ്രകാരം എസ്.ഐ നസീർ തിരൂർക്കാട്, രാജശേഖരൻ, സി.പി.ഒമാരായ വിജയ് നന്ദു, ഉണ്ണിക്കുട്ടൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


latest News