ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനി നാല് കടമ്പകൾ കടക്കണം
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് നൽകുംമുൻപ് അപകടസാധ്യത തിരിച്ചറിയാനുള്ള കഴിവുകൂടി പരിശോധിക്കാൻ തീരുമാനം. ഡിസംബർമുതൽ വീഡിയോ ഗെയിം മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റുകൂടി നിർബന്ധമാക്കാൻ ഗതാഗത കമ്മിഷണർ നാഗരാജു ചകിലം നിർദേശിച്ചു. വാഹനാപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിലാണിത്. രാജ്യത്താദ്യമാണെങ്കിലും നിലവിലുള്ള കേന്ദ്രനിയമത്തിലും ഇത്തരം ടെസ്റ്റുകൾ നടത്താൻ വ്യവസ്ഥയുണ്ട്. ലേണേഴ്സ് ലൈസൻസ് ലഭിച്ചവർ 30 ദിവസത്തിനുള്ളിൽ പുതിയ പരീക്ഷ പാസാകണം. ഡ്രൈവിങ് സ്‌കൂളുകളിൽ പുതിയ ടെസ്റ്റിനുള്ള പരീശിലനം നൽകണം. ഒരു മിനിറ്റ് ദൈർഘ്യമുള്ള പത്ത് വീഡിയോകളാണ് ടെസ്റ്റിൽ ഉണ്ടാകുക. ഡ്രൈവിങ്ങിനിടെ നിരത്തിൽ ഉണ്ടാകാനിടയുള്ള അപകടസാധ്യതകളാണ് ഇതിലുണ്ടാവുക. ഓരോ വീഡിയോയിലും കുറഞ്ഞത് രണ്ട് അപകടസാധ്യതകൾ ഉണ്ടാകും. ഇത് തിരിച്ചറിഞ്ഞ് ബട്ടൺ അമർത്തണം. കൃത്യസമയത്ത് അപകടസാധ്യത തിരിച്ചറിഞ്ഞില്ലെങ്കിൽ മാർക്ക് നഷ്ടമാകും. ശരി ഉത്തരത്തിന് പത്ത് മാർക്ക് ലഭിക്കും. 100-ൽ 60 മാർക്ക് ലഭിക്കുന്നവർ ജയിക്കും.
