സ്ത്രീകളുടെ ഉന്നതപദവി: മനോഭാവം മാറണമെന്ന് വനിതാ കമ്മിഷൻ
പാലക്കാട്: സ്ത്രീകൾ ഉന്നതപദവി കൈകാര്യം ചെയ്യുന്നതിനെ അംഗീകരിക്കാത്ത സാമൂഹിക മനോഭാവത്തിൽ മാറ്റം ആവശ്യമെന്ന് വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി. വനിതാ കമ്മിഷൻ സിറ്റിങ്ങിൽ പരാതി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു. സ്ത്രീശാക്തീകരണത്തിന്, സ്ത്രീകൾ ഉയർന്നതലങ്ങളിൽ ജോലിചെയ്യുന്നത് അംഗീകരിക്കാൻ കുടുംബ-സാമൂഹിക വ്യവസ്ഥിതി ഇനിയും പാകപ്പെടേണ്ടതുണ്ടെന്നും മഹിളാമണി പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ 27 പരാതിയാണ് പരിഗണിച്ചത്. ആറ് പരാതി തീർപ്പാക്കി. 20 പരാതി അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. കുടുംബങ്ങളിലെ സ്വത്തുതർക്കം, തൊഴിലിടങ്ങളിലെ പീഡനം, ഗാർഹിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി ലഭിച്ചത്. അഡ്വ. സി. ഷീബ, വനിതാ സെൽ എ.എസ്.ഐ. എച്ച്. യസ്‌ബീന ബാനു, ഫാമിലി കൗൺസലർ സ്റ്റെഫി എബ്രഹാം എന്നിവർ പങ്കെടുത്തു.
