logo
AD
AD

ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധം: എച്ച്.പി.വി വാക്സിനേഷന്‍ ക്യാമ്പയിന് പാലക്കാട് ജില്ലയില്‍ തുടക്കമായി

ഗർഭാശയഗള കാൻസറിനെ പ്രതിരോധിക്കുന്നതിനായുള്ള ദേശീയ എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിന് പാലക്കാട് ജില്ലയിൽ തുടക്കമായി. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത എൻ നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. സെൽവരാജ് കെ.ആർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. അനിത എ.കെ വിഷയാവതരണം നടത്തി.⁣ ⁣ നഗരസഭാ കൗൺസിലർ പ്രശോഭ് എം., വനിതാ ശിശു വികസന ഓഫീസർ പ്രേംന മനോജ് ശങ്കർ, പാലക്കാട് അസിസ്റ്റൻറ് എഡ്യൂക്കേഷൻ ഓഫീസർ രമേഷ് പാറപ്പുറം, പാലക്കാട് ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡൻറ് ഡോ. ഹേമ വാര്യർ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീജ, ജില്ലാ നഴ്സിങ് ഓഫീസർ ലക്ഷ്മി സി, ജില്ലാ എജുക്കേഷൻ ആന്‍ഡ് മീഡിയ ഓഫീസർ സയന എസ്, ഡി.പി എച്ച്.എൻ രമ ടി.പി എന്നിവർ സംസാരിച്ചു.⁣ ⁣ ഇന്ത്യയിൽ സ്ത്രീകൾക്കിടയിൽ കണ്ടുവരുന്ന കാൻസറുകളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള കാൻസർ. ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന ഈ രോഗം പ്രധാനമായും എച്ച്.പി.വി വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം വൈറസ് ബാധകളും ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ലെങ്കിലും, കൃത്യമായ മുൻകരുതൽ എടുക്കാതിരിക്കുന്നത് പിന്നീട് കാൻസറിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം ഓരോ ഒരു ലക്ഷം സ്ത്രീകളിലും പത്തിലധികം പേർക്ക് ഈ രോഗബാധ ഉണ്ടാകുന്നുണ്ട്.⁣ ⁣ രോഗം തടയുന്നതിൽ 90 ശതമാനത്തിലധികം ഫലപ്രദമാണ് എച്ച്.പി.വി വാക്സിൻ. 2006 മുതൽ ലോകമെമ്പാടും സുരക്ഷിതമായി നൽകിവരുന്ന ഈ വാക്സിൻ സ്വീകരിക്കുന്നതിലൂടെ ശരീരത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡികൾ രൂപപ്പെടും. വരും വർഷങ്ങളിൽ ഗർഭാശയഗള കാൻസർ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ ക്യാമ്പയിൻ നടപ്പിലാക്കുന്നത്. വാക്സിനേഷനൊപ്പം കൃത്യമായ പരിശോധനകൾ കൂടി നടത്തിയാൽ രോഗസാധ്യത വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.⁣ ⁣ അടുത്ത മൂന്ന് മാസത്തിനുള്ളിൽ ജില്ലയിലെ 14 വയസ്സ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും വാക്സിന്റെ ഒറ്റ ഡോസ് നൽകാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. തുടർന്ന് വരുന്ന വർഷങ്ങളിൽ 14 വയസ്സ് പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാ പെൺകുട്ടികൾക്കും വാക്സിൻ നൽകി പ്രതിരോധ പട്ടികയിൽ ഉൾപ്പെടുത്തും.

Latest News

latest News