മലപ്പുറം ജില്ലാ പഞ്ചായത്ത് 2026-27 ബജറ്റ്: വികസന കുതിപ്പിന് കളമൊരുക്കി പുതിയ പദ്ധതികൾ
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2026-27 വർഷത്തെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് എ.പി. സ്മിജിയാണ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ 202.45 കോടി രൂപയുടെ വരവും 192.64 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 46.14 കോടി രൂപയുടെ നീക്കിയിരിപ്പും ബജറ്റിൽ ലക്ഷ്യമിടുന്നു. പുതിയ ഭരണസമിതിയുടെ ആദ്യത്തെയും ജില്ലാ പഞ്ചായത്തിന്റെ മുപ്പത്തിയൊന്നാമത്തെയും ബജറ്റാണിത്. ആരോഗ്യ മേഖലയിലെ വൻ കുതിച്ചുചാട്ടം ജില്ലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു കാൻസർ ആശുപത്രി സ്ഥാപിക്കുക എന്നതാണ് ഈ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാപനം. ഇതിനായി രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ, കിഡ്‌നി വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കാനും ഡയാലിസിസ് രോഗികൾക്കായി പഞ്ചായത്തുകൾക്ക് രണ്ട് കോടി രൂപയും മരുന്നുകൾക്കായി ഒരു കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. സ്‌പോർട്‌സ് സിറ്റിയും യുവജന വികസനവും അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയാകാൻ കഴിയുന്ന ഫിഫ നിലവാരത്തിലുള്ള ഫുട്ബോൾ അക്കാദമിയും സിന്തറ്റിക് ട്രാക്കും ഉൾപ്പെടുന്ന 15 ഏക്കർ വിസ്തൃതിയുള്ള സ്‌പോർട്‌സ് സിറ്റി നിർമ്മിക്കാൻ രണ്ട് കോടി രൂപ അനുവദിച്ചു. കൂടാതെ ഭിന്നശേഷിക്കാർക്കായി ലോകോത്തര നിലവാരത്തിലുള്ള കായിക കേന്ദ്രവും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ കുട്ടികൾക്കായി വി.ആർ ലാബുകളും, യുവാക്കൾക്ക് തൊഴിൽ നൈപുണ്യം നൽകാൻ 'യൂത്ത് സ്‌കിൽ ലോഞ്ച്' പദ്ധതിയിലൂടെ ഐ.ടി, കോഡിങ്, റോബോട്ടിക്സ് പഠന കേന്ദ്രങ്ങളും ആരംഭിക്കും. സ്ത്രീശാക്തീകരണവും സാമൂഹിക ക്ഷേമവും വനിതകളുടെ യാത്രാ ദുരിതത്തിന് പരിഹാരമായി കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്കെടുത്ത് സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന 'ഷീ ബസ്' പദ്ധതിക്കായി 50 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷിക്കാരുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമുള്ള വാഹനങ്ങൾ ഏർപ്പെടുത്തുന്ന 'ആക്സസ് ഓൺ വീൽസ്' പദ്ധതിയും നടപ്പിലാക്കും. പരിസ്ഥിതി സംരക്ഷണവും കാർഷിക വികസനവും പരിസ്ഥിതി സുസ്ഥിരത ലക്ഷ്യമിട്ട് കാർബൺ ന്യൂട്രൽ പദ്ധതിക്കായി മൂന്ന് കോടി രൂപ മാറ്റിവെച്ചു. ഇതിന്റെ ഭാഗമായി സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കുകയും ഇ-മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ഒരുക്കുകയും ചെയ്യും. കാർഷിക മേഖലയിലെ വൈവിധ്യവൽക്കരണത്തിനായി മൂന്ന് കോടി രൂപയും നെല്ല്, വാഴ കൃഷിക്കായി ആറു കോടി രൂപയും ഉൾപ്പെടെ കാർഷിക മേഖലയ്ക്ക് വലിയ പരിഗണന നൽകിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
