മലപ്പുറം ജില്ലാ വികസന സമിതിയോഗം ചേര്‍ന്നു
ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാവികസന സമിതി യോഗം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്നു. എ.ഡി.എം. കെ.ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി.ഷാജു, എം.എല്‍.എ.മാരായ കുറുക്കോളി മൊയ്തീന്‍, പി.ഉബൈദുള്ള എന്നിവരുടെയും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യുടെയും പ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സറിനെതിരായ എച്ച്.പി.വി. വാക്‌സിന്‍ (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) ക്യാംപയിന്‍ ജില്ലയില്‍ ഇന്ന് (ശനി) ആരംഭിക്കുമെന്നും ആദ്യഘട്ടത്തില്‍ 14 വയസു പൂര്‍ത്തിയായതും എന്നാല്‍ 15 കവിയാവത്തവരുമായ പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ഈ വാക്‌സിന്‍ പിന്നീട് നിര്‍ബന്ധിത വാക്‌സിന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുമെന്നും ഡി.എം.ഒ. പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണെന്നും വാക്‌സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യു-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എടുക്കാവുന്നതാണെന്നും ഡി.എം.ഒ.പറഞ്ഞു. ജപ്പാന്‍ മസ്തിഷ്‌കജ്വരത്തിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ജനുവരി 12 മുതല്‍ ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപയിനില്‍ ഒന്നു മുതല്‍ 15 വയസു വരെയുള്ള 12,10996 കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 1,23494 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. ശേഷിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കാത്തതിനാലാണ് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി ഡി.എം.ഒ.പറഞ്ഞു. വാക്‌സിന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാര വിതരണം ചെയ്ത വകയില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, അരീക്കോട് അഡീഷണല്‍ പ്രൊജക്ട് ഓഫീസുകള്‍ക്ക് കീഴിലുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍ക്ക് നല്‍കാനുള്ള 14,89,298 രൂപയുടെ കുടിശ്ശിക മാര്‍ച്ച് അഞ്ചിനകം ലഭ്യമാക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ എന്നിവര്‍ അറിയിച്ചു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പോളി ഡെന്റല്‍ ക്ലിനിക്കില്‍ എന്‍.എച്ച്.എം.മുഖാന്തിരം ഡെന്റല്‍ അസിസ്റ്റന്റിനെ മാര്‍ച്ച് 15നകം നിയമിക്കുമെന്നും കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കിഫ്ബിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അനുമതി ലഭ്യമായാല്‍ കെ.എം.എസ്.സി.എല്‍.വഴി വിതരണം ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ടി.വി.ഇബ്രാഹിം എം.എല്‍.എ.യാണ് ചോദ്യമുന്നയിച്ചത്. ജനുവരി 24 മുതല്‍ ഫെബ്രുവരി 24 വരെ അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡുടമകള്‍ക്ക് മുന്‍ഗണന കാര്‍ഡിലേക്ക് മാറുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുവെന്നും മുന്‍ഗണന കാര്‍ഡുകള്‍ മുന്‍ഗണനേതര കാര്‍ഡുകളാക്കി മാറ്റുമ്പോള്‍ അനര്‍ഹമായി വാങ്ങിയ റേഷന്‍ സാധനങ്ങളുടെ വില ഈടാക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ടി.വി.ഇബ്രാഹിം എം.എല്‍.എ.യാണ് ചോദ്യമുന്നയിച്ചത്. മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഉച്ചയ്ക്ക് ശേഷം ഒ.പി.ഇല്ലാത്തതിനാല്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൂരിയാട്, കുറ്റിപ്പുറം ഭാഗങ്ങളിലെ ദേശീയ പാത നിര്‍മാണം കഴിയുന്നതിന് മുന്‍പായി വെട്ടിച്ചിറ ടോള്‍ പിരിവ് ആരംഭിച്ചതുമായി ബന്ധപ്പെട്ട് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ.യുടെ ചോദ്യത്തിന് കൂരിയാട് വയഡക്ട്, കുറ്റിപ്പുറം ആര്‍.ഒ.ബി. എന്നിവയുടെ ദൈര്‍ഘ്യം ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എന്‍.എച്ച്.എ.ഐ.പ്രൊജക്ട് ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു. പൊന്നാനി താലൂക്ക്, ആലംകോട് വില്ലേജ് എന്നിവയുടെ ഉപയോഗശൂന്യമായ പഴയ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാന്‍ നിര്‍ദേശം നല്‍കിയതായി എ.ഡി.എം.കെ.ദേവകി അറിയിച്ചു. ഡോ.അബ്ദുസമദ് സമദാനിയുടെ പ്രതിനിധിയാണ് ചോദ്യമുന്നയിച്ചത്. തിരൂര്‍ കെ.എസ്.ഇ.ബി.ഓഫീസിന് മുന്‍വശത്ത് സ്ഥിതിചെയ്യുന്ന തകരാറിലായ ചാര്‍ജിങ് സ്റ്റേഷന്റെ പ്രവര്‍ത്തനം രണ്ടാഴ്ചക്കകം പുനരാരംഭിക്കുമെന്ന് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി കെ.എസ്.ഇ.ബി.തിരൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. സ്വകാര്യ ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ കയറാതെ പോയാല്‍ വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യുടെ പ്രതിനിധിയുടെ ചോദ്യത്തിന് മറുപടിയായി ആര്‍.ടി.ഒ. യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ വകുപ്പുകളുടെ വാര്‍ഷിക പദ്ധതിച്ചെലവ് 91.29 ശതമാനം പുരോഗതി നേടിയതായി യോഗം വിലയിരുത്തി. 320 സംസ്ഥാന പദ്ധതികളില്‍ 89.90 ശതമാനവും ഏഴ് സമ്പൂര്‍ണ കേന്ദ്ര പദ്ധതികളില്‍ 99.59 ശതമാനവും മറ്റ് കേന്ദ്ര പദ്ധതികളില്‍ 84.94% വുമാണ് നിര്‍വഹണ പുരോഗതി പദ്ധതിച്ചെലവില്‍ രേഖപ്പെടുത്തിയത്.
