മഴക്കെടുതി: വളാഞ്ചേരിയിലെ ദുരിതബാധിത പ്രദേശങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തി
വളാഞ്ചേരി: ശക്തമായ മഴയെ തുടർന്ന് വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ മഴക്കെടുതിയും നാശനഷ്ടങ്ങളും നഗരസഭാ ജനപ്രതിനിധികളും വില്ലേജ് ഓഫീസറും നേരിട്ടെത്തി വിലയിരുത്തി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും, വീടുകൾക്ക് മുകളിലേക്ക് മണ്ണും പാറക്കഷ്ണങ്ങളും ഇടിഞ്ഞുവീണതുമായ അപകടസാധ്യതയുള്ള സ്ഥലങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. മുനിസിപ്പൽ ചെയർപേഴ്സൺ ഹസീന വട്ടോളി, ഡെപ്യൂട്ടി ചെയർപേഴ്‌സൺ കെ.വി. ഉണ്ണികൃഷ്ണൻ, കാട്ടിപ്പരുത്തി വില്ലേജ് ഓഫീസർ ദേവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ നിരീക്ഷിച്ചത്. കൗൺസിലർമാരായ കെ.ടി. അബ്‌ദുൽ റസാഖ്, സക്കീന, ജലാലുദീൻ (മാനു), റഹ്മാബി, ഷാഫി (മുത്തു) എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
