സാമ്പത്തിക തട്ടിപ്പുകളിൽ പ്രവാസികൾ ജാഗ്രത പാലിക്കണം: ജസ്റ്റിസ് സോഫി തോമസ്
മലപ്പുറം: പ്രവാസി കമ്മീഷന് മുൻപിലെത്തുന്ന പരാതികളിൽ ഭൂരിഭാഗവും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ പ്രവാസികൾ കടുത്ത ജാഗ്രത പാലിക്കണമെന്നും പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രവാസി കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പ്രവാസി സംഘടനകളുടെ പേരിൽ പണം നിക്ഷേപിക്കുന്നവർ അവ സർക്കാർ അംഗീകാരമുള്ളതാണോ എന്ന് കൃത്യമായി പരിശോധിക്കണം. വ്യാജ സംഘടനകളെ തിരിച്ചറിയാൻ പ്രവാസികളെ ബോധവൽക്കരിക്കുന്ന പ്രവർത്തനങ്ങൾ കമ്മീഷൻ ശക്തമാക്കും. വിദേശ പഠനത്തിന് പോകുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും സർവ്വകലാശാലകളുടെ അംഗീകാരവും ജോലി സാധ്യതയും ഉറപ്പുവരുത്തണം. തട്ടിപ്പുകൾ ഒഴിവാക്കാൻ നോർക്കയുടെ 'ഓപ്പറേഷൻ ശുഭയാത്ര' പോലുള്ള ഔദ്യോഗിക പദ്ധതികളെ ആശ്രയിക്കണമെന്നും അവർ നിർദ്ദേശിച്ചു. അനധികൃത റിക്രൂട്ടിങ് ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങൾ കമ്മീഷൻ പോലീസിനും നോർക്ക റൂട്ട്‌സിനും കൈമാറുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പരാതികളിൽ വേഗത്തിൽ പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. മലപ്പുറത്ത് നടന്ന അദാലത്തിൽ പരിഗണിച്ച 75 കേസുകളിൽ നാലെണ്ണം തീർപ്പാക്കി. 25 പുതിയ പരാതികൾ ലഭിച്ചു. ഹാജരാകാത്തവരും റിപ്പോർട്ട് ലഭിക്കാത്തതുമായ കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. അടുത്ത പ്രവാസി കമ്മീഷൻ അദാലത്ത് മാർച്ച് 10-ന് കണ്ണൂരിൽ നടക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ളവർക്ക് ഈ അദാലത്തിൽ പങ്കെടുക്കാം. മലപ്പുറത്തെ അദാലത്തിൽ കമ്മീഷൻ സെക്രട്ടറി ആർ. ജയറാം കുമാർ, അംഗങ്ങളായ പി.എം. ജാബിർ, എം.എം. നയീം തുടങ്ങിയവർ പങ്കെടുത്തു.
