logo
AD
AD

114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഇന്ത്യ; 3.25 ലക്ഷം കോടിയുടെ ഇടപാട്

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) വ്യാഴാഴ്ച അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. 3.25 ലക്ഷം കോടി രൂപയുടേതാണ് ഇടപാട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത ആഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള അനുമതി. നിലവിലുള്ള 36 റഫാല്‍ വിമാനങ്ങള്‍ക്ക് പുറമെയാണ് 114 വിമാനങ്ങള്‍ കൂടി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുക.വ്യോമസേനയുടെ മള്‍ട്ടി റോള്‍ ഫൈറ്റര്‍ എയര്‍ക്രാഫ്റ്റ് പ്രോഗാമിന്റെ ഭാഗമായാണ് പുതിയ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുന്നത്. 3.25 ലക്ഷം കോടി രൂപയുടെ ഇടപാട് ഇന്ത്യന്‍ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടാകും. പ്രതിരോധ സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് ബോര്‍ഡ് കഴിഞ്ഞ മാസം ഇടപാടിന് അനുമതി നല്‍കിയിരുന്നു.

പുതിയ കരാര്‍ പ്രകാരം 18 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ടെത്തിക്കും. ശേഷിക്കുന്ന 96 വിമാനങ്ങള്‍ ഇന്ത്യയില്‍ വെച്ച് സംയോജിപ്പിക്കുകയാണ് ചെയ്യുക. 'മേക്ക് ഇന്‍ ഇന്ത്യ'യുടെ ഭാഗമായിട്ടാവും വിമാനഭാഗങ്ങള്‍ ഇന്ത്യയിലെത്തിച്ച് കൂട്ടിയോജിപ്പിക്കുക. 88 സിംഗിള്‍ സീറ്റ് വിമാനങ്ങളും 26 ഡബിള്‍ സീറ്റ് വിമാനങ്ങളുമാണ് വ്യോമസേനക്ക് ലഭിക്കുക. റഫാല്‍ വിമാനങ്ങളുടെ നിര്‍മാതാക്കളായ ദസ്സോ ഏവിയേഷന്‍ വിമാനങ്ങളുടെ ഇന്ത്യയില്‍ വെച്ചുള്ള സംയോജനത്തിനും പ്രാദേശികമായ ഉല്‍പ്പാദനത്തിനും പിന്തുണക്കുമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ കമ്പനികളെ ആശ്രയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 114 വിമാനങ്ങള്‍ കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നതോടെ് ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും അധികം റഫാല്‍ വിമാനങ്ങളുള്ള സൈന്യമായി ഇന്ത്യന്‍ വ്യോമസേന മാറും.

Latest News

latest News