logo
AD
AD

'ബന്ധം തകരുമ്പോള്‍ അത് പീഡനമാക്കി മാറ്റുന്ന പ്രവണത ശരിയല്ല, ഇത് അംഗീകരിക്കാനാവില്ല'; രാഹുലിനെതിരായ ബലാത്സംഗക്കേസില്‍ ഹൈക്കോടതി

എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ ഗര്‍ഭഛിദ്രം ഉഭയസമ്മതപ്രകാരമാണെന്ന് സൂചിപ്പിച്ച് ഹൈക്കോടതി ഉത്തരവ്. വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് ഇങ്ങനെയാണ് മനസിലാക്കേണ്ടതെന്ന് മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് നിര്‍ണായക പരാമര്‍ശം.

ക്രൂരമായ പീഡനത്തിന് ഇരയായ ഒരാള്‍ വീണ്ടും അതേ വ്യക്തിയുടെ അടുത്തേക്ക് പോകുന്നത് അവിശ്വസനീയമാണെന്നും ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഇരുവരും തമ്മിലുള്ളതെന്നതിലേക്കുള്ള സൂചനയാണെന്നും ഹൈക്കോടതി പറഞ്ഞു. ബന്ധം തകരുമ്പോള്‍ അത് പീഡനക്കേസായി മാറ്റുന്ന പ്രവണത ശരിയല്ലെന്നും ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

ഗര്‍ഭഛിദ്രം പരാതിക്കാരിയുടെ സമ്മതത്തോടെയാണെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍. വാട്‌സാപ്പ് ചാറ്റുകളില്‍ നിന്ന് അങ്ങനെയാണ് മനസിലാക്കേണ്ടത്. രാഹുലിന്റെ സുഹൃത്താണ് യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് നല്‍കിയത്. ഇത് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് വാട്‌സാപ്പ് ചാറ്റുകളിലുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഗര്‍ഭഛിദ്രം രാഹുലിന്റെ നിര്‍ബന്ധ പ്രകാരമായിരുന്നോയെന്ന് വിചാരണയില്‍ വ്യക്തമാകണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. നേരത്തെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം, കേരളം വിട്ടുപോകാന്‍ പാടില്ല, അറസ്റ്റ് ചെയ്താല്‍ ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയക്കണം എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകള്‍. ഈ മാസം 16 മുതല്‍ മൂന്നുദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

latest News