ആധാര്‍ ആപ്പ് സൗജന്യ സേവനങ്ങള്‍ ഡിസംബര്‍ 31 വരെ: ഐ.ടി മിഷന്‍
ആധാര്‍ ആപ്പിലൂടെ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാനും അപ്‌ഡേറ്റ് ചെയ്യാനും ഡിസംബര്‍ 31 വരെ അവസരം. നിലവില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. ഇമെയില്‍ ഐഡി ബന്ധിപ്പിക്കുന്നതിലൂടെ ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുമ്പോഴെല്ലാം ഉടമസ്ഥര്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കുകയും ദുരുപയോഗം തടയാന്‍ സാധിക്കുകയും ചെയ്യും. ആധാര്‍ ആപ്പിലൂടെ പുതിയ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനും അനുബന്ധരേഖകള്‍ സമര്‍പ്പിച്ച് മേല്‍വിലാസം തിരുത്താനും 75 രൂപ നിരക്കില്‍ സാധിക്കും. യുഐഡിഎഐ പോര്‍ട്ടല്‍ വഴി അനുബന്ധ രേഖകള്‍ സൗജന്യമായി 2027 ജൂണ്‍ 14 വരെ അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി https://myaadhar.uidai.gov.in ല്‍ ഡോക്യൂമെന്റ് അപ്‌ഡേറ്റ് ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്. ആധാര്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രേഖകള്‍ പുതുക്കുന്നതിന് 75 രൂപ ചാര്‍ജ് ഈടാക്കും. പുതിയ ആധാര്‍ എന്റോള്‍മെന്റും അഞ്ച്, 15 വയസുകളിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലും അഞ്ച്-17 വയസിനുള്ളില്‍ സൗജന്യമാണ്. ഈ സേവനങ്ങള്‍ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും അംഗീകൃത ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണെന്ന് ഐ.ടി മിഷന്‍ ഡയറക്ടര്‍ അറിയിച്ചു. പരാതികള്‍ക്കും സംശയങ്ങള്‍ക്കും 1800-4251-1800, 0471-2525442.
