സ്വച്ഛതാ ഹി സേവ 2026: ജില്ലാതല ലോഗോ പ്രകാശനം ചെയ്തു
സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്റെ ഭാഗമായി പാലക്കാട് ജില്ലാതല ലോഗോ പ്രകാശനം വി.കെ. ശ്രീകണ്ഠന്‍ എം.പി നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ കെ സുധീര്‍, ജെ.പി.സി ബി എല്‍ ബിജിത്ത്., പ്രോജക്ട് ഡയറക്ടര്‍ ടി ശുഭ, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി വരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുകയും മാലിന്യസംസ്‌കരണത്തില്‍ പൊതുജനങ്ങളുടെ ഉത്തരവാദിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം. കേരളത്തില്‍ ''കൈയോട് കൈ മാലിന്യരഹിത പുതുയുഗ കേരളത്തിനായി കൈകോര്‍ക്കാം'' സന്ദേശമുയര്‍ത്തിയുള്ള സംസ്ഥാനതല ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്ന കേന്ദ്രങ്ങളുടെ ശുചീകരണവും പരിവര്‍ത്തനവും, പൊതുസ്ഥലങ്ങളുടെ ശുചീകരണം, ഉറവിടത്തില്‍ നാലുതരത്തിലുള്ള മാലിന്യ വേര്‍തിരിക്കല്‍, റിസൈക്കിള്‍റീയൂസ് പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം, ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മസേനയ്ക്കുമുള്ള ആരോഗ്യസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടക്കും. സെപ്റ്റംബര്‍ 27ലെ ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രത്യേക ശുചിത്വ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. ഒക്ടോബര്‍ ഒന്നിന് 'Ek Din, Ek Ghanta, Ek Saath' എന്ന സന്ദേശത്തോടെ ജനകീയ ശ്രമദാനവും ഒക്ടോബര്‍ രണ്ടിന് പ്രത്യേക ഗ്രാമസഭകളും നഗരസഭാ കൗണ്‍സില്‍ യോഗങ്ങളും സംഘടിപ്പിക്കും.
