സ്ത്രീയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് 17 വര്‍ഷം കഠിനതടവ്
സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികൾക്ക് 17 വർഷവും 4 മാസവും കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. വസ്തു തർക്കത്തിൻ്റെ പേരിൽ അയൽവാസിയും ബന്ധവുമായ സ്ത്രീയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളായ മണ്ണാർക്കാട് തിരുവിഴാംകുന്ന് കരടിയോട് കോളനിയിലെ ചാത്തൻ (36), സുനിൽ (32) എന്നിവർക്കാണ് മണ്ണാർക്കാട് അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് ജോമോൻ ജോൺ 17 വർഷവും നാലുമാസവും കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. മൂന്നാം പ്രതി കാടൻ (68) നിലവിൽ ഒളിവിലാണ്. പ്രതികൾ പിഴ അടയ്ക്കുന്ന പക്ഷം കേസിൽ പരിക്ക് പറ്റിയ മൂന്നു പേർക്കും അമ്പതിനായിരം രൂപ വീതം നഷ്ടപരിഹാരമായി നൽകുവാനും വിധിയായി.