logo
AD
AD

ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 16 മുതൽ

പെരിന്തൽമണ്ണ: മലബാറിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒടമല ശൈഖ് ഫരീദ് ഔലിയ മഖാമിൽ നാലു മാസം നീണ്ടുനിന്ന ആണ്ടുനേർച്ചയുടെ സമാപന പരിപാടികൾ മെയ് 16 മുതൽ 18 വരെ മഖാം സിയാറത്ത്, മത പ്രഭാഷണം, നൂറെ ബയാൻ ആത്മീയ മജ്ലിസ്, സ്നേഹ സംഗമം, മൗലീദ് പാരായണം, അന്നദാനം തുടങ്ങിയ വിവിധ പരിപാടികളോടെ നടക്കും. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മെയ് 16ന് രാത്രി 7 മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ജലീൽ റഹ്‌മാനി വാണിയെന്നൂർ മുഖ്യപ്രഭാഷണം നടത്തും.

17ന് വൈകിട്ട് 4:00 മണിക്ക് നടക്കുന്ന സ്നേഹസംഗമം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. വിവിധ മതനേതാക്കൾ പങ്കെടുക്കും. രാത്രി 7:00 മണിക്ക് നടക്കുന്ന നൂറെ ബയാൻ ആത്മീയ മജ്‍ലിസിന് അൽഹാഫിള് കുമ്മനം നിസാമുദ്ധീൻ അസ്ഹരി നേതൃത്വം നൽകും. 18ന് രാവിലെ 9:00 മണിക്ക് മഖാം സിയാറത്തിനും മൗലീദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. തുടർന്ന് 10:30ന് ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചക്ക് സമാപനമാകും. നേർച്ച പരിപാടിയിൽ എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ ജനുവരി 14ന് സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ കൊടിയേറ്റൽ കർമ്മം നിർവഹിച്ചതോടെയാണ് നേർച്ചക്ക് തുടക്കമായത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ മഹല്ല് ജമാഅത്ത്, മദ്രസ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പെട്ടിവരവുകളായിരുന്നു പ്രധാന പരിപാടികൾ.

latest News